കൊവിഡ് 19: ജി 20 രാജ്യങ്ങളുടെ അടിയന്തരയോഗം ഇന്ന്; മോദി പങ്കെടുക്കും

By Web TeamFirst Published Mar 26, 2020, 6:38 AM IST
Highlights

ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ജി 20 ഉച്ചകോടിയില്‍ തീരുമാനിക്കും.
 

ദുബായ്: കൊവിഡ് 19 മനുഷ്യരാശിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏകോപന നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ട് ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന അസാധാരണ യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അസാധാരണ യോഗം ചേരാനുള്ള തീരുമാനം എല്ലാ അംഗ രാജ്യങ്ങളെയും അധ്യക്ഷ സ്ഥാനത്തുള്ള സൗദി നേരത്തെ അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ജി 20 ഉച്ചകോടിയില്‍ തീരുമാനിക്കും. ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും മുതിര്‍ന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ നേരത്തെ ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.

click me!