കൊവിഡ് 19: മരണം 6000 കടന്നു, ഇറ്റലിക്ക് പിന്നാലെ സ്പെയിനും കൊറോണപ്പിടിയില്‍

By Web TeamFirst Published Mar 15, 2020, 11:11 PM IST
Highlights

പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്പെയിനിലാണ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുന്നത്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണം വര്‍ധിച്ച് 7735ലെത്തി. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ടായി. ഒരു ദിവസം മാത്രം 95 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 291 ആയി ഉയര്‍ന്നു.

റോം: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യം 6086 ആയി ഉയര്‍ന്നു. 1,63,332 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 156 രാജ്യങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇറാന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളിലാണ് മരണ സംഖ്യ ഉയരുന്നത്. ഇറാനില്‍ പുതിയതായി 113 പേര്‍ മരിച്ചു. ഇറാനില്‍ 724 പേരാണ് ആകെ മരിച്ചത്. ഇറ്റലിയില്‍ 1441 പേര്‍ മരിച്ചു. 

പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്പെയിനിലാണ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുന്നത്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണം വര്‍ധിച്ച് 7735ലെത്തി. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ടായി. ഒരു ദിവസം മാത്രം 95 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 291 ആയി ഉയര്‍ന്നു. കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്പെയിന്‍ നാലാം സ്ഥാനത്തെത്തി. ചൈനയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സില്‍ 91 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ച് മരണസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 14 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 35 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. നെതര്‍ലന്‍ഡ്‍സിലും മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ ദിവസം എട്ട് പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 20 ആയി. ദക്ഷിണകൊറിയയില്‍ 75 പേരാണ് മരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!