ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി

By Web TeamFirst Published Apr 14, 2020, 8:21 PM IST
Highlights
1991-ൽ ഇന്ത്യ ഉദാരവൽക്കരണകാലത്ത് നേരിട്ടതിന് സമാനമായ ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നതിന്‍റെ സൂചനയാണ് ഐഎംഎഫ് നൽകുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും സാമ്പത്തിക പ്രതിസന്ധി പിടിച്ചു കുലുക്കും.
ദില്ലി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസിയായ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്, അഥവാ ഐഎംഎഫ്. 1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോൾ, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂർണമായും നിശ്ചലാവസ്ഥയിലാണ്.

1991-ൽ ഉദാരവൽക്കരണകാലത്ത് നേരിട്ടതിന് സമാനമായ മോശം സാമ്പത്തിക സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന സൂചനയും വരുന്നു. എങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന സാമ്പത്തികശക്തികളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഐഎംഎഫ് ഒഴിവാക്കിയിട്ടില്ലെന്നതാണ് ആശ്വാസകരം. 

പ്രതിസന്ധിയിലും ചൈന വളരും

ഇന്ത്യയ്ക്കൊപ്പം ദ്രുതഗതിയിൽ വളരുന്ന സാമ്പത്തിക ശക്തികളൊന്ന് ചൈനയാണ്. വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല. മാസങ്ങളോളമാണ് ചൈനയെപ്പോലൊരു വലിയ രാജ്യം സ്തംഭനാവസ്ഥയിൽ നിന്നത്. എന്നിട്ടും ചൈനയുടെ വളർച്ച നെഗറ്റീവിലേക്ക് എത്തില്ല. പകരം 1.2 ശതമാനം വളർച്ചയിലേക്ക് നീങ്ങുമെന്നാണ് ഐഎംഎഫിന്‍റെ പ്രവചനം. വളർച്ചാ നിരക്കിൽ താഴെപ്പോകുമെങ്കിലും ഇത്രയധികം രോഗബാധിതരുണ്ടായ രാജ്യമായിട്ടും, ചൈന 1.2 ശതമാനം ജിഡിപി വള‍ർച്ച നേടുമെന്ന കണക്ക് സാമ്പത്തിക ലോകം അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. 

''ആഗോളസാമ്പത്തിക വ്യവസ്ഥ 2020-ൽ നെഗറ്റീവ് വളർച്ചയിലേക്ക്, അഥവാ കീഴോട്ട് പതിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. -3 ശതമാനത്തിലേക്ക് സാമ്പത്തികവളർച്ച കൂപ്പുകുത്തിയേക്കാം. 2020 ജനുവരിയിൽ നിന്ന് 6.3 ശതമാനത്തിന്‍റെ കുറവാണിത്. ചെറിയ കാലയളവിനുള്ളിൽ ഇത്ര വലിയൊരു ചാഞ്ചാട്ടം ആഗോളവിപണിയിലുണ്ടാകുന്നത് തീർത്തും അപൂർവമാണ്'', ഇന്ത്യൻ - അമേരിക്കൻ വംശജയും ഐഎംഎഫിന്‍റെ ചീഫ് എക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ് വ്യക്തമാക്കി.

1929 മുതൽ 10 വ‌ർഷത്തേക്ക് ആഗോളസാമ്പത്തിക മാന്ദ്യത്തിന്‍റെ തകർച്ച ലോകത്തെ ദുരിതത്തിലാക്കി എന്നതാണ് സാമ്പത്തിക ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നത്. അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ തകർച്ചയിലായിരുന്നു തുടക്കം.

വൻസാമ്പത്തിക ശക്തികളായ മിക്ക രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കീഴോട്ടാണ്. അമേരിക്ക 5.9 ശതമാനം, യുകെ 6.5 ശതമാനം, ജർമനി 7 ശതമാനം, ഫ്രാൻസ് 7.2 ശതമാനം, ഇറ്റലി 9.1 ശതമാനം, സ്പെയിൻ 8 ശതമാനം എന്നിങ്ങനെയാണിത്. 

പ്രവാസികൾ ആശങ്കപ്പെടണോ?

മിഡിൽ ഈസ്റ്റിലും മധ്യേഷ്യൻ രാജ്യങ്ങളിലും വളർച്ചാ നിരക്ക് കുറയുമെന്ന് തന്നെയാണ് ഐഎംഎഫിന്‍റെ കണക്കുകൂട്ടൽ. ഈ രണ്ട് മേഖലകളും കണക്കിലെടുത്താൽ ശരാശരി 2.8 ശതമാനം മാത്രമേ വളർച്ചാനിരക്കുണ്ടാകൂ. സൗദി അറേബ്യയുടെ വളർച്ചാ നിരക്ക് 2.3 ശതമാനത്തിലൊതുങ്ങും. എണ്ണ ഉത്പാദനം മുഖ്യവരുമാനമല്ലാത്ത ഇറാൻ അടക്കമുള്ള ഈ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ വള‍ർച്ചാ നിരക്കും കുറയും. ആഫ്രിക്കൻ മേഖലയും ആശങ്കപ്പെടണം.

''ലോകത്തെ ഒരു വലിയ വിഭാഗം തൊഴിൽശക്തിയെത്തന്നെ സാരമായി ബാധിക്കുന്ന തരം പ്രതിസന്ധിയാണിത്. എന്താകും ഇതിന്‍റെ പ്രതിഫലനമെന്ന് കൃത്യമായി പ്രവചിക്കാൻ ഇപ്പോൾ കഴിയുകയുമില്ല'', എന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കുന്നു. 

ലോകം തിരിച്ചുവരുമോ?

2020 മധ്യത്തോടെ ഈ രോഗത്തെ പിടിച്ചുകെട്ടാൻ മിക്ക രാജ്യങ്ങൾക്കും കഴിയുകയും, വലിയ തോതിൽ സാമ്പത്തിക വ്യവസ്ഥകളും സ്ഥാപനങ്ങളും തകരാതിരിക്കുകയും, വലിയ തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കുകയും ചെയ്താൽ, ആഗോളസാമ്പത്തിക വ്യവസ്ഥ 2021-ൽ 5.8 ശതമാനം വളരുമെന്നാണ് ഐഎംഎഫിന്‍റെ വിലയിരുത്തൽ.

അങ്ങനെ വന്നാൽ ഇന്ത്യയുടെ വള‍ർച്ചാ നിരക്ക് 7.4 ശതമാനമായിരിക്കും. ചൈനയുടേത് 9.2 ശതമാനവും. അമേരിക്കയുടെ വള‍ർച്ചാ നിരക്ക് 4.5 ശതമാനവും ജപ്പാന്‍റേത് 3 ശതമാനവുമാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
click me!