കൊവിഡ്19: രണ്ടര കോടി ആളുകൾക്ക് തൊഴിൽ നഷ്ടമായേക്കും. അമേരിക്കയും യൂറോപ്പും പ്രതിസന്ധിയിലേക്ക്

By Web TeamFirst Published Apr 4, 2020, 1:24 PM IST
Highlights

1930 ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി, രണ്ടര കോടിയാളുടെ ജോലി പോകുമെന്ന് ഐഎല്‍ഒ. യൂറോപ്പിലും അമേരിക്കയിലും പ്രതിസന്ധി രൂക്ഷം. അതിജീവിക്കുന്നത് സിംഗപ്പൂരും ദക്ഷിണ കൊറിയയും

കൊവിഡ് 19 ലോകത്താകമാനം വൻ തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് പ്രവചിച്ച്  ഇന്‍റര്‍നാഷണൽ ലേബര്‍ ഓര്ഡഗനൈസേഷൻ. കൊവിഡ് 19 ഉണ്ടാക്കുന്ന പ്രതിസന്ധി ലോകത്ത്  കുറഞ്ഞത് രണ്ടര കോടിയാളുകള്‍ക്കെങ്കിലും തൊഴില്‍ നഷ്ടമുണ്ടാകാൻ ഇടവരുത്തുമെന്നാണ് ഇന്‍റര്‍നാഷണല്‍ ലേബല്‍ ഓര്‍ഗനൈസേഷന് വിലയിരുത്തുന്നത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ആയിരിക്കും പ്രതിസന്ധി രൂക്ഷമാകുക എന്നാണ് ഐഎല്‍ഒയുടെ പ്രാഥമിക കണക്കുകൂട്ടലിൽ വ്യക്തമാകുന്നത്. 

1930 നു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി കോവിഡ് 19 മാറുകയാണെന്നാണ് സാമ്പത്തിക മേഖല മുന്നറിയിപ്പ് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ ലക്ഷണം തൊഴില്‍ നഷ്ടമാണ്. യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ തന്നെ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നുണ്ട്. 

65 ലക്ഷം അമേരിക്കക്കാര്‍ തൊഴിലില്ലാത്തവരുടെ ആനുകൂല്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടണില്‍ നിലവില്‍ പത്ത് ലക്ഷം പേര്‍ സര്‍ക്കാര്‍ സഹായം തേടിക്കഴിഞ്ഞു. സ്പെയിനിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ പോയത്.  14 ശതമാനത്തോളം ആളുകളുടെ വരുമാനം മുടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. 

ഓസ്ട്രിയയിൽ 12 ശതമാനം ആളുകളുടെ വരുമാനം നിലച്ചു.  ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് വ്യക്തമാക്കി ജര്‍മ്മനിയിലും ഫ്രാന്‍സിലും നിരവധി കമ്പനികള്‍ സര്‍ക്കാരുകളെ സമീപിച്ചിരിക്കുകയാണ്. യൂറോപ്പിലെ പ്രതിസന്ധി ഏഷ്യന്‍ രാജ്യങ്ങളിലും വ്യാപിക്കുകയാണ്.  

ടൂറിസത്തെ പ്രധാനമായും ആശ്രയിച്ചിരുന്ന തായ് ലാന്‍റില്‍ രണ്ട് കോടിയിലധികം ആളുകളുടെ വരുമാനത്തെയാണ് കോവിഡ്  19 നേരിട്ട് ബാധിച്ചത്. തൊഴിലാളികള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

പ്രതിസന്ധി അവസാനിച്ചാലും വിവിധ മേഖലകള്‍ സാധാരണ നിലയിലാകാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ദക്ഷിണ കൊറിയക്കും സിംഗപ്പൂരിനും സമ്പദ് മേഖലയില്‍ ആഘാതമുണ്ടാക്കാതെ തന്നെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞത്  നേട്ടമാകുമെന്നും  പഠനങ്ങള്‍ പറയുന്നു.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!