
സ്‌റ്റോക്ക്‌ഹോം: കൊവിഡ്19 വ്യാപിക്കുമ്പോഴും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കുകയും സാമൂഹിക അകലത്തിന് നിയമപരമായ നിര്‍ദേശം നല്‍കാതെയും സ്വീഡന്‍. കൊവിഡ് 19 ബാധിച്ച് സ്വീഡനില്‍ ഇതുവരെ 1937 പേര്‍ മരിച്ചു. 16000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 172 പേര്‍ മരിക്കുകയും 600ഓളം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നിട്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രോഗവ്യാപനം തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് അധികൃതരുടെ നിലപാട്.
സ്‌കൂളുകള്‍, റസ്റ്ററന്റുകള്‍, മാളുകള്‍ തുടങ്ങി ആളുകള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഭൂരിഭാഗം ആളുകള്‍ക്കും രോഗം വരുന്നതിലൂടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി(എല്ലാവര്‍ക്കും രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്) ഉണ്ടാകുമെന്നാണ് സ്വീഡന്റെ വാദഗതി. എന്നാല്‍, സ്വീഡന്റെ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. രോഗം വന്ന് ഭേദമായതിന് ശേഷവും വീണ്ടും രോഗം ബാധിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, മെയ് ആദ്യത്തോടെ സ്വീഡനില്‍ രോഗ വ്യാപനം കൂടുതലുണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 1.02 കോടിയാണ് സ്വീഡനിലെ ജനസംഖ്യ. യൂറോപ്പിലെ മൊത്തം കൊവിഡ് 19 മരണങ്ങള്‍ ഒരു ലക്ഷം കടക്കുമ്പോഴാണ് സ്വീഡന്റെ വ്യത്യസ്ത സമീപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam