
വാഷിംഗ്‌ടണ്‍: കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ ചികിത്സാ മാർഗങ്ങൾ ആരാഞ്ഞ് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ പുകയില ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തി തുറന്നു. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്(292,369). നാളിതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്. സ്പെയിനിൽ മരണം 27,000ലേക്ക് അടുക്കുകയാണ്. റഷ്യയിൽ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ബ്രസീലില്‍ 779 പേരും യുകെയില്‍ 627 പേരും ഫ്രാന്‍സില്‍ 348 പേരും കാനഡയില്‍ 176 പേരും ഇറ്റലിയില്‍ 172 പേരും മരണപ്പെട്ടു.
പ്രതിസന്ധി വിലയിരുത്താൻ യു എസ് സെനറ്റില്‍ പ്രത്യേക ഹിയറിങ്
അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ പ്രതിസന്ധി വിലയിരുത്താൻ യു എസ് സെനറ്റ് പ്രത്യേക ഹിയറിങ് സംഘടിപ്പിച്ചു. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കി സംസ്ഥാനങ്ങള്‍ തുറന്നുകൊടുത്താല്‍ വലിയ കൊടുക്കേണ്ടിവരും എന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധനായ ഡോ. ആന്‍റണി ഫൗച്ചി. ഇത് പ്രസിഡന്‍റ് ട്രംപിന്‍റെ പരസ്യ നിലപാടിന് വിപരീതമാണ്. ട്രംപിന്‍റെ കൊറോണ വൈറസ് ടാസ്‌ക് ഫോര്‍സില്‍ അംഗമാണ് ഡോ. ഫൗച്ചി. പ്രാദേശിയ ആരോഗ്യ അധികൃതരുടെ നിരോധനം മറികടന്ന് ടെസ്‌ല കാലിഫോര്‍ണിയയിലെ വാഹന ഫാക്ടറി തുറന്നു. ഇതിന്‍റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് സിഇഒ ഇലോണ്‍ മസ്‌കര്‍ പറഞ്ഞു.
അമേരിക്കയില്‍ മൂന്നിലൊന്ന് കൊവിഡ് മരണങ്ങള്‍ നഴ്‌സിംഗ് ഹോമുകളിലാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് ഇന്നും ഭേദപ്പെട്ട കണക്കുകളാണ് പുറത്തുവന്നത്. 9 സംസ്ഥാനങ്ങളില്‍ 40,000ലധികം കേസുകളുണ്ട്. 48 സംസ്ഥാനങ്ങളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ നീക്കികഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഏറ്റുമുട്ടുന്ന പ്രസിഡന്‍റ് ട്രംപിന്‍റെ ശൈലിയും വിവാദ ട്വീറ്റുകളും പ്രതിസന്ധി സങ്കീര്‍ണമാക്കുകയാണ് എന്ന വിമര്‍ശനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അണികളില്‍ നിന്ന് ഉയര്‍ന്നുതുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam