കൊവിഡ് 19: ആശങ്കയോടെ യൂറോപ്പ്; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു

By Web TeamFirst Published Mar 11, 2020, 4:01 PM IST
Highlights

അമേരിക്കയിലെ സ്ഥിതിയും ആശാവഹമല്ല. 1010 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. 31 പേര്‍ മരിക്കുകയും ചെയ്തു. പുതിയതായി 16 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധിച്ചത്. 

കൊവിഡ് 19 രോഗബാധ യൂറോപ്പിലും അമേരിക്കയിലും കൂടുതല്‍ പേര്‍ക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 10,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇറ്റലിയിലെ മരണ സംഖ്യ 631 ആയി ഉയന്നു. 877 പേര്‍ ഇറ്റലിയില്‍ ഗുരുതരാവസ്ഥയിലാണ്. ബ്രിട്ടനില്‍ ആരോഗ്യമന്ത്രി നദൈന്‍ ഡോറിസ് അടക്കം 382 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ആറ് പേര്‍ മരിക്കുകയും ചെയ്തു. ജര്‍മനിയിലും രോഗ ബാധിതരുടെ എണ്ണം 1565 ആയി. രണ്ട് മരണമാണ് ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സ്പെയിനില്‍ 1695 പേര്‍ക്ക് രോഗം ബാധിക്കുകയും 36 പേര്‍ മരിക്കുകയും ചെയ്തു. ഫ്രാന്‍സിലും സ്ഥിതി ഗുരുതരമാണ്. 1784 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 33 പേര്‍ മരിച്ചു. നെതര്‍ലന്‍ഡില്‍ 382 പേര്‍ക്ക് സ്ഥിരീകരിച്ചു. നാല് പേര്‍ മരിക്കുകയും ചെയ്തു. സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു. ഹംഗറി, ബോസ്നിയ എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡില്‍ മൂന്ന് പേര്‍ മരിച്ചു. അമേരിക്കയിലെ സ്ഥിതിയും ആശാവഹമല്ല. 1010 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. 31 പേര്‍ മരിക്കുകയും ചെയ്തു. പുതിയതായി 16 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധിച്ചത്. 

ഗൂഗിളിന്‍റെ മാതൃക കമ്പനിയായ ആല്‍ഫബൈറ്റ് അമേരിക്കയിലെ വടക്കന്‍ മേഖലയിലുള്ളവരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് അറിയിച്ചു. രോഗബാധയില്ലാത്ത അമേരിക്കന്‍ പൗരന്മാരെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അമേരിക്ക ഇറാനോടാവശ്യപ്പെട്ടു. ചൈനയില്‍ കഴിഞ്ഞ ദിവസം 22 പേര്‍ മരിച്ചു. അതേസമയം, പുതിയതായി 31 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിലും  291 പേര്‍ മരിച്ചു. ദക്ഷിണകൊറിയയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചു. പുതുതായി 242 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ രോഗം ബാധിച്ചത്. 
 

click me!