ലോകത്ത് കൊവിഡ് മരണം 160,000 കടന്നു; 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത് 1800 ലധികം പേർ

By Web TeamFirst Published Apr 19, 2020, 6:29 AM IST
Highlights

അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. ന്യൂയോര്‍ക്കിൽ മാത്രം 24 മണിക്കൂറിനിടെ 500 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം പിന്നിട്ടു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മരണസംഖ്യ മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയിൽ 1800 ലധികം പേരാണ് മരിച്ചത്. സ്പെയ്നിൽ 637 പേരും ഫ്രാൻസിൽ 642 പേരും ഇറ്റലിയിൽ 482 പേരും ബ്രിട്ടനിൽ 888 പേരും മരിച്ചു.

അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാൽ, പ്രതിസന്ധി രൂക്ഷമായ ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. ന്യൂയോർക്ക് നഗരത്തിന്റെ ജീവനാഡിയായ അവിടുത്തെ മെട്രോ ട്രെയിനുകൾ ഈ കൊവിഡ് കാലത്തും അവശ്യ സർവീസ് ആയി പ്രവർത്തിച്ച് വരുകയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇറ്റലിയിൽ താത്ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ച പള്ളി അടച്ചു. സ്പെയിനിൽ അടുത്തയാഴ്ച മുതൽ കുട്ടികള്‍ക്ക് പുറത്തിറങ്ങാം. അതേസമയം, യൂറോപ്പില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രിട്ടണിലും ​ഗുരുതരമായ രീതിയിൽ കൊവിഡ് പടരുകയാണ്. ഇതിനോടകം മരണസംഖ്യ പതിനയ്യായിരം കടന്നു. പോളണ്ടിൽ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ദിവസവും ഇരുപതോളം പേരാണ് പോളണ്ടിൽ മരിക്കുന്നത്. 

click me!