അമേരിക്കയിൽ കടുവയ്ക്കും കൊവിഡ് ബാധ: ഇന്ത്യയിലെ മൃഗശാലകളിൽ ജാഗ്രതാ നിർദേശം

By Web TeamFirst Published Apr 6, 2020, 8:05 PM IST
Highlights

 മറ്റു മൂന്ന് കടവുകൾക്കും മൂന്ന് സിംഹങ്ങൾക്കും കൂടി ഇപ്പോൾ കൊവി‍ഡ് രോ​ഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞതായി മൃ​ഗശാല അധികൃതർ അറിയിക്കുന്നു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കോവിഡ്. മൃഗശാലയിലെ ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത് എന്ന് മൃഗശാല അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന് ഇന്ത്യയിലെ മൃഗശാലകൾക്കും ജാഗ്രതനിർദേശം നൽകി.

നാല് വയസ്സുകാരിയായ നാദിയ എന്ന പെൺകടുവയ്ക്കാണ് കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവയ്ക്ക് വരണ്ട ചുമയുണ്ടായിരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗമാണെന്ന് വ്യക്തമായത്. കൃത്യമായ ചികിത്സകളിലൂടെയും പരിചരണത്തിലൂടെയും കടുവയുടെ രോഗം ഭേദപ്പെടുത്താനാകുമെന്നാണ് കരുതുന്നതെന്ന് മൃഗശാല അധികൃതർ പറഞ്ഞു.

നാദിയയെ കൂടാതെ മറ്റു മൂന്ന് കടവുകൾക്കും മൂന്ന് സിംഹങ്ങൾക്കും കൂടി ഇപ്പോൾ കൊവി‍ഡ് രോ​ഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞതായി മൃ​ഗശാല അധികൃതർ അറിയിക്കുന്നു.  ഇതോടെ  മൃഗശാലയിലെ മറ്റ് ജീവികളെയും ജാഗ്രതയോടെ നിരീക്ഷിക്കാനാണ് തീരുമാനം. കോവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് 16ന് മൃഗശാല അടച്ചിരുന്നു. അതിന് മുൻപ് കോവിഡ് ലക്ഷണങ്ങൾ പ്രകടമാകാതിരുന്ന ഒരു മൃഗശാല ജീവനക്കാരൻ കടുവകളെയും സിംഹങ്ങളെയും പരിചരിച്ചിരുന്നു. 

അങ്ങനെയാണ് മൃഗങ്ങളിൽ കോവിഡ് പടർന്നതെന്നാണ് മൃഗശാല അധികൃതരുടെ നിഗമനം.നേരത്തെ ഹോങ്കോങ്ങിൽ 2 വളർത്തു നായകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൃഗങ്ങളിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ കോവിഡ് രോഗികൾ വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന്  വിദഗ്ധർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ രോ​ഗം സ്ഥിരീകരിച്ചതിന് പിന്നിലെയാണ് കേന്ദ്ര വനം വന്യജീവി മന്ത്രാലയം രാജ്യത്തെ മുഴുവൻ മൃ​ഗശാലകളിലേയും ജീവികളെ സൂഷ്മമായി നിരീക്ഷിക്കാൻ ഉത്തരവിട്ടത്. 

click me!