ഇറാൻ സേനയുടെ ഏഴ് ബോട്ടുകൾ കടലിൽ മുക്കിയെന്ന് ട്രംപ്; ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക

Published : May 05, 2026, 10:17 AM IST
Hormuz Strait

Synopsis

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക 'പ്രോജക്റ്റ് ഫ്രീഡം' എന്ന പേരിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചു. ഈ നീക്കത്തിനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകൾ വെടിവെച്ചിടുകയും ചെയ്തെന്ന് അമേരിക്ക. എന്നാൽ, അമേരിക്കയുടെ അവകാശവാദങ്ങൾ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള 'പ്രൊജക്റ്റ് ഫ്രീഡം' ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുകയും ചെയ്തെന്ന് അമേരിക്ക. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തെ തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഈ തന്ത്രപ്രധാനമായ പാത പിടിച്ചെടുക്കാനാണ് യുഎസിന്‍റെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ നിർദേശ പ്രകാരമാണ് ഈ സൈനിക നീക്കം തീരുമാനിച്ചത്.

ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്ന സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ, അമേരിക്കയുടെ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുവെന്ന് വ്യക്തമാക്കി. ഏകദേശം 15,000 യുഎസ് സൈനികർ, നാവിക കപ്പലുകൾ, നൂറിലധികം വിമാനങ്ങൾ എന്നിവയടങ്ങുന്ന വലിയ സന്നാഹമാണ് ഈ ഓപ്പറേഷനായി നിയോഗിച്ചിരിക്കുന്നത്. അമേരിക്കൻ ആസ്തികൾക്കും തങ്ങൾ സംരക്ഷണം നൽകുന്ന കപ്പലുകൾക്കും സമീപമെത്തുന്ന ഇറാനിയൻ സേനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്മിറൽ കൂപ്പർ മുന്നറിയിപ്പ് നൽകി. യുഎസ് കമാൻഡർമാർക്ക് സ്വയം പ്രതിരോധത്തിനും വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കുമായി നടപടിയെടുക്കാൻ അധികാരം നൽകി.

തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ ഒരു ദക്ഷിണ കൊറിയൻ കപ്പലിന് നേരെ സ്ഫോടനമുണ്ടായെങ്കിലും, അത് യുഎസ് ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മറ്റ് രാജ്യങ്ങളും അമേരിക്കയുടെ സുരക്ഷാ നീക്കങ്ങളിൽ പങ്കുചേരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അമേരിക്കൻ ആക്രമണത്തിൽ ഏഴ് ഇറാനിയൻ ബോട്ടുകൾ മുങ്ങിയതായി ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു.

കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തുകൊണ്ടാണ് യുഎസ് ദൗത്യം ആരംഭിച്ചത്. ഇതിനുപിന്നാലെ അമേരിക്കൻ പതാക വഹിച്ച രണ്ട് വാണിജ്യ കപ്പലുകൾ പാതയിലൂടെ സഞ്ചരിച്ച് റൂട്ട് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. എന്നാൽ അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ, തങ്ങളുടെ ഒരു കപ്പലും തകർന്നിട്ടില്ലെന്നും ഒരു വാണിജ്യ കപ്പലും കടലിടുക്ക് മുറിച്ചുകടന്നിട്ടില്ലെന്നും പ്രസ്താവിച്ചു.

കപ്പലുകളെ അകമ്പടി സേവിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് യുദ്ധമുറകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തിയ ബഹുതല പ്രതിരോധ സംവിധാനമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. ഇറാനിയൻ ഫാസ്റ്റ് ബോട്ടുകളെ തകർക്കാൻ അപ്പാച്ചെ, സീഹോക്ക് ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചത്. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിലെ തടസ്സങ്ങൾ നീക്കി ലോക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനാണ് ശ്രമമെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ 805ഓളം കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചൈനയിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി, 21 പേർ കൊല്ലപ്പെട്ടു, 61 പേർക്ക് പരിക്ക്
പ്രൊജക്ട് ഫ്രീഡം! പുതിയ പ്ലാനുമായി ട്രംപ്, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും പുറത്തെത്തിക്കും