
അമേരിക്ക: അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സർ പ്രൈസ് ലഭിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ഫോട്ടോ ജേണലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്‍നാൻ അബീദി, സന ഇർഷാദ്, അമിത് ദവെ എന്നിവർക്കൊപ്പമാണ് സിദ്ദിഖി പുരസ്കാരത്തിന് അർഹനായത്.
യുദ്ധത്തിന്റെ ഭയാനകത പുറംലോകത്തെത്തിച്ച യുക്രൈൻ ഫോട്ടോഗ്രാഫർമാർക്ക് പ്രത്യേക പരാമർശവും ലഭിച്ചു. 2021ലെ വാഷിംഗ്‍ടൺ കലാപം റിപ്പോർട്ട് ചെയ്തതിന് ദി വാഷിംഗ്‍ടൺ പോസ്റ്റും ഇത്തവണത്തെ പുലിറ്റ്സർ സമ്മാനത്തിന് അർഹരായി.
ഡാനിഷ് സിദ്ദിഖി
റോയിട്ടേഴ്സ് (reuters)ഫോട്ടോഗ്രാഫറായ ഡാനിഷ് സിദ്ദിഖി (38) അഫ്‍ഗാൻ യുദ്ധം പകർത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. താലിബാനും അഫ്‍ഗാൻ സൈന്യവും തമ്മിലുണ്ടായ വെടിവയ്പ്പിൽ സിദ്ദിഖിക്ക് വെടിയേൽക്കുകയായിരുന്നു എന്നതായിരുന്നു പ്രാഥമിക വിവരമെങ്കിലും പിന്നീട് കൂടുതൽ വ്യക്തത വന്നു. താലിബാൻ സൈന്യം സിദ്ദിഖിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമേരിക്കൻ മാസിക വാഷിംഗ്‍ടൺ എക്സാമിനർ വെളിപ്പെടുത്തി. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്ക് എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സിദ്ദിഖി ഒരു പള്ളിയിൽ അഭയം തേടിയെങ്കിലും ഇവിടെയെത്തിയ താലിബാൻ സൈനികർ അദ്ദേഹത്തെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയുമായിരുന്നു. റോയിട്ടേഴ്‌സ് ടീമിനൊപ്പം സിദ്ദിഖി പകർത്തിയ റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിത ജീവിതം ലോകത്തിന് മുന്നിലെത്തിയിരുന്നു. ഇതിയിരുന്നു 2018ലെ പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു സിദ്ദിഖി. ഒന്നാം അഫ്‍ഗാൻ യുദ്ധം, ഹോങ്കോംഗ് പ്രതിഷേധം എന്നിവയ്ക്കൊപ്പം ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങളും ഡാനിഷ് സിദ്ദിഖി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ജാമിയയിൽ നിന്ന് തന്നെ മാസ് കമ്മ്യൂണിക്കേഷനിലും ബിരുദം നേടി. ടിവി റിപ്പോർട്ടറായി പ്രവർത്തനം തുടങ്ങിയ സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയായിരുന്നു. 2010ൽ ആണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലേക്ക് ഡാനിഷ് സിദ്ദിഖി എത്തുന്നത്.
പുലിറ്റ്സർ പുരസ്കാരം
പത്രപ്രവർത്തന മേഖലയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പുലിറ്റ്സർ പ്രൈസ്. ജോസഫ് പുലിറ്റ്സർ എന്ന ഹംഗേറിയൻ-അമേരിക്കൻ പ്രസാധകൻ ആണ് ഈ പുരസ്കാരം ഏർപ്പെടുത്തുന്നത്. ഇരുപത് ഇനങ്ങളിലാണ് പുരസ്കാരം. സ്വർണ മെഡലും 15,000 ഡോളറിന്റെ ക്യാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഡാനിഷ് സിദ്ദിഖിയിലൂടെയാണ് ഈ പുരസ്കാരം ആദ്യമായി ഇന്ത്യയിൽ എത്തിയത്. 2021ൽ ഇന്ത്യൻ വംശജയായ മേഘ രാജഗോപാലിനും പുലിറ്റ്സർ പ്രൈസ് ലഭിച്ചിരുന്നു.
പുലിറ്റ്സർ നേടിയ ശേഷം ഡാനിഷുമായി സംസാരിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട്.