കൊവിഡ് 19; ഇറ്റലിക്കു പിന്നാലെ ഫ്രാന്‍സിലും സ്പെയിനിലും പൊതുഅവധി, യുകെയില്‍ 24 മണിക്കൂറിനിടെ മരണം ഇരട്ടിയായി

By Web TeamFirst Published Mar 15, 2020, 6:37 AM IST
Highlights

ലോകത്ത് 156098 പേർക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  5819 പേരാണ് മരിച്ചത്.

ലണ്ടന്‍: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും സ്പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് ലോകത്ത് 156098 പേർക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  5819 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‍തു. ബ്രിട്ടനിൽ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്നു പേരാണ്. ഇതിനിടെ ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് കൊവിഡ് ബാധിച്ച യുവതിയുടെ നവജാത ശിശുവിലും രോഗബാധ കണ്ടെത്തി.

ഗർഭസ്ഥ ശിശുവിന് അമ്മയിൽ നിന്ന് അണുബാധ ഏൽക്കില്ലെന്നും , ജനനത്തിന് പിന്നാലെയാവാം രോഗബാധയെന്നും വിദഗ്ധർ പറയുന്നു. ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഫ്രാൻസും സ്പെയിനും അവശ്യ സർവീസുകൾ ഒഴികെ എല്ലാ മേഖലയിലും അനിശ്ചിത കാലത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങൾക്കുള്ള നിർദ്ദേശം. രാജ്യത്ത് എത്തുന്ന എല്ലാവരും സ്വയം 16 ദിവസം സ്വമേധയാ ഐസോലേഷനിൽ പൊകണമെന്ന് ന്യൂസിലൻഡും പ്രഖ്യാപിച്ചു. അമേരിക്കയിലും ഇംഗ്ലണ്ടിലും വിവിധ ക്രിസ്ത്യൻ സഭകൾ ഞായറാഴ്ച കുർബാന ഒഴിവാക്കി. ഇതിനിടെ ചൈനയിൽ നിന്നാണ് കൊറോണ വൈറസുകൾ പൊട്ടിപ്പുറപ്പെട്ടതെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

click me!