
യുണൈറ്റഡ് നേഷൻസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ യുഎൻ പൊതുസഭയിൽ നാടകീയരംഗങ്ങൾ. നെതന്യാഹു പ്രസംഗിക്കാനായി വന്നയുടൻ ഡസൻകണക്കിന് നയതന്ത്ര പ്രതിനിധികൾ വേദിയിൽനിന്ന് പുറത്തുപോയി. ഇതോടെ നെതന്യാഹുവിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യവും മുഴക്കി. ഹാളിൽനിന്ന് പുറത്തുപോയി പ്രതിഷേധിച്ചവരെ ഭീരുക്കളെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കിൽ അവരും ദയവായി ഇപ്പോൾ തന്നെ പുറത്തുപോകണമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രം ബാക്കിനിൽക്കെ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രീതിയിലായിരുന്നു നെതന്യാഹുവിന്റെ യുഎൻ പൊതുസഭയിലെ പ്രസംഗം. 40 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തിനിടെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരേയും ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരേയും നെതന്യാഹു രൂക്ഷവിമർശനമുന്നയിച്ചു.
'ഞാൻ ഇവിടെവരുന്നതിൽനിന്ന് തടയാൻ നിങ്ങൾ ശ്രമിച്ചു, എന്നെ നിശബ്ദനാക്കാൻ നിങ്ങൾ ശ്രമിച്ചു. പക്ഷേ, നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാൻ കഴിയില്ല, നിങ്ങൾക്ക് സത്യത്തെ നിശബ്ദമാക്കാനാകില്ല'- മംദാനിയെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ വംശഹത്യ നടത്തിയിട്ടില്ലെന്നും വംശഹത്യ തടയുകയാണ് ചെയ്തതെന്നും നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. ന്യൂയോർക്ക് മേയർ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നയാളെന്നും നെതന്യാഹു പ്രസംഗത്തിൽ ആരോപിച്ചു.
അതേസമയം, നെതന്യാഹുവിന്റെ പ്രസംഗത്തിന് പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായി മംദാനിയും രംഗത്തെത്തി. പലസ്തീനികൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനായി പലതവണ ചെയ്തതുപോലെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആവർത്തിക്കുകയാണ് നെതന്യാഹു ചെയ്തതെന്ന് മംദാനി പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് വിധേയനാണ് അദ്ദേഹം. എന്തൊക്കെ നുണകൾ പറഞ്ഞാലും ഈ വസ്തുതകളെ മാറ്റാനാകില്ലെന്നും മംദാനി കൂട്ടിച്ചേർത്തു.
യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരേ യുഎൻ ആസ്ഥാനത്തിന് പുറത്തും വൻ പ്രതിഷേധമാണുയർന്നത്. യുഎൻ ആസ്ഥാനത്തിന് പുറത്ത് ഗതാഗതം തടസ്സപ്പെടുത്തി നെതന്യാഹുവിനെതിരേ മുദ്രാവാക്യം മുഴക്കിയ നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ യുഎൻ പൊതുസഭയിലെ നെതന്യാഹുവിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രീതിയിലായിരുന്നു. 40 മിനിറ്റോളം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗം ഇസ്രയേലിലെ പ്രധാന ടെലിവിഷൻ ചാനലുകളെല്ലാം തത്സമയം സംപ്രേഷണം ചെയ്തു. നെതന്യാഹു യുഎസിൽ എത്തുന്നതിന് മുൻപായി നെതന്യാഹു സർക്കാരിനെ പിന്തുണച്ചും ഇസ്രയേൽ അനുകൂലവുമായ നിരവധി പരസ്യബോർഡുകളാണ് യുഎസിൽ സ്ഥാപിച്ചിരുന്നത്. നെതന്യാഹുവിന് ഇത്തവണ ഭരണം നഷ്ടപ്പെടുമെന്നായിരുന്നു അടുത്തിടെ നടന്ന അഭിപ്രായ സർവേകളിലെ ഫലം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ യുഎൻ പ്രസംഗവും ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്.
Netanyahu after the UNGA emptied out ahead of his speech: "If there any other moral cowards who have not left the hall, please do so now." pic.twitter.com/5I3ceI0bSM
— Aaron Rupar (@atrupar) September 24, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam