25 വയസായിട്ടും കല്യാണം കഴിഞ്ഞില്ലേ? പിറന്നാൾ സമ്മാനം കിട്ടിയ മസാലപ്പൊടിയിൽ കുളിക്കാം; വ്യത്യസ്ത ആഘോഷ രീതികളുമായി ഡെന്മാർക്ക്

Published : Nov 18, 2025, 03:11 PM IST
Denmark 25 th Birthday

Synopsis

25 വയസായിട്ടും വിവാഹം കഴിക്കാത്ത യുവാക്കളുടെ പിറന്നാൾ ദിനത്തിൽ കറുവപ്പട്ടയുടെ പൊടി കൊണ്ട് ദേഹത്ത് പൊതിയുന്ന ആഘോഷ രീതി ഡെന്മാർക്കിലുണ്ട്. 30 വയസ്സായിട്ടും സിംഗിൾ ആണെങ്കിൽ കുരുമുളകുപൊടിയാണ് ഉപയോഗിക്കുക.

25 വയസ്സായിട്ടും കല്യാണം കഴിക്കാത്ത സിംഗിൾസിന് പിറന്നാൾ സമ്മാനമായി കുറെ മസാലപ്പൊടികൾ കിട്ടിയാലോ? കിട്ടിയ മസാലപ്പൊടികൾ കൊണ്ട് അയാളെ അങ്ങ് പൊതിഞ്ഞാലോ? ഇതൊക്കെ ഏത് ലോകമെന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്? എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ട്. സംഭവം നമ്മുടെ നാട്ടിലൊന്നുമല്ല അങ്ങ് ഡെൻമാർക്കിലാണ്. 25 വയസ് കഴിഞ്ഞിട്ടും നിങ്ങൾ സിംഗിൾ ആണെങ്കിൽ അതായത് കല്യാണം കഴിച്ചില്ലെങ്കില്‍, നിങ്ങളെ മസാല പൊടി കൊണ്ട് പൊതിയും, കറുവപ്പട്ട പൊടികൊണ്ട് മൂടും. ഇതിനെ ‘സിനമൺ റിച്വൽ’ എന്നാണ് പറയുന്നത്. ഇനിയിപ്പോ 25 കഴിഞ്ഞ് 30 വയസ് ആയി, എന്നിട്ടും വിവാഹിതരായില്ലെങ്കില്‍ നിങ്ങളുടെ ശരീരമാകെ കുരുമുളകുപൊടി വരെ വിതറും.

നമ്മുടെ നാട്ടിലെ സിംഗിൾസിന് ഇരുപത്തിയഞ്ചും മുപ്പതുമൊന്നും ഒരു വിഷയമേ അല്ല...എന്നാൽ ഡെൻമാർക്കിലെ സിംഗിള്‍സിന് അവരുടെ 25-ാം പിറന്നാൾ ഒരു പേടി സ്വപ്നമാണ്. ആ പിറന്നാൾ ദിവസത്തിലാണ് പിറന്നാളുകാരൻ സിംഗിൾ ആണെങ്കിൽ അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് മസാലപ്പൊടികൾ കൊണ്ട് അയാളെ മൂടുക്കുന്നത്. അവര്‍ക്കുള്ള ഒരു ബർത്ത് ഡേ ഗിഫ്റ്റാണിത്. 25-ാം പിറന്നാൾ ആഘോഷമാക്കാനും രസകരമാക്കാനുമുള്ള മാർഗമായിട്ടാണ് ഡെൻമാർക്കുകാർ ഈ ആചാരത്തെ കാണുന്നത്. അതിന് പിന്നിൽ ചെറുതല്ലാത്ത ഒരു ചരിത്രവുമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്നാണ് ഇതിന്റെ തുടക്കം. അക്കാലത്ത് ഡെന്മാർക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരികൾ കച്ചവടവുമായി ബന്ധപ്പെട്ട് എപ്പോഴും പല പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ഒരിടത്ത് സ്ഥിരതാമസമാക്കാനോ ജീവിതപങ്കാളികളെ കണ്ടെത്താനോ പ്രയാസമായിരുന്നു. പലപ്പോഴും വിവാഹപ്രായമായാൽ പോലും ഇവർ വിവാഹിതരാവാറില്ല. അങ്ങനെയുള്ള ഈ വ്യാപാരികളോട് ഉപമിച്ചാണ് മസാലയിൽ കുളിപ്പിക്കുന്ന ആചാരം ഡെൻമാർക്കില്‍ തുടങ്ങിയത്.

ഇനി നേരത്തെ പറഞ്ഞ പോലുള്ള സിംഗിള്‍ പസങ്കകളെ ഡെൻമാർക്കുകാര്‍ മസാലകൊണ്ട് പൊതിയുന്നത് എങ്ങനെയെന്നുകൂടി നോക്കാം. തല തൊട്ട് കാല്‍ വരെ മൂടുന്ന തരത്തിൽ പൊടികൾ, പ്രത്യേകിച്ച് കറുവപ്പട്ട പൊടി വിതറും. ഈ പൊടി ശരീരത്തിൽ നിന്ന് പോകാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് വെള്ളവും തളിച്ച് കൊടുക്കും. ചിലരാവട്ടെ ആഘോഷം ഒന്ന് കൊഴുക്കാൻ പച്ച മുട്ട പൊട്ടിച്ച് കലക്കി ദേഹത്ത് പുരട്ടിക്കൊടുക്കും. ഇത് ഇരുപത്തിയഞ്ചിന്റെ ആഘോഷമാണെ. മുപ്പതൊക്കെ ആയാൽ പിന്നെ പൊടിയുടെ സെലെക്ഷൻ കുറച്ച് കടുക്കും. കുരുമുളക് പൊടി ആണ് മുപ്പതുകളുടെ ആഘോഷപൊടി.

എന്നാൽ, ഇവർ ഇതെല്ലാം തമാശയ്ക്ക് ആണ് ചെയ്യുന്നത്. എല്ലാവരും അത് എൻജോയ് ചെയ്യാറുമുണ്ട്. ഡെൻമാർക്കിൽ പുരുഷന്മാരുടെ ശരാശരി വിവാഹ പ്രായം 34 ആണ്. സ്ത്രീകളുടേത് 32 ഉം. ഇനിയിപ്പോ അപ്പോഴും കെട്ടിയില്ലെങ്കിൽ പോലും കല്യാണം കഴിക്കാത്തതെന്തേ എന്ന് ചോദിച്ച് അവർ ആരെയും ശല്യപ്പെടുത്താറില്ല. ഫണ്ണിനെ ഫണ്ണായിത്തന്നെ എടുത്ത് ആഘോഷങ്ങൾ അടിപൊളി ആക്കാൻ ഇവരെല്ലാം ഒറ്റക്കെട്ടാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി