കൊവിഡിനിടയിലും പ്രതിരോധ ബജറ്റ് വർധിപ്പിച്ച് ചൈന, പടക്കോപ്പുകൾക്ക് ചൈന ചെലവിടുന്നത് ഇന്ത്യയുടെ മൂന്നിരട്ടി

By Web TeamFirst Published May 23, 2020, 6:26 PM IST
Highlights

ഇന്ത്യയുടെ പ്രതിരോധബജറ്റിന്റെ മൂന്നിരട്ടിയിലധികം വരും ചൈനയുടേത്. 

അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം പണം പ്രതിരോധബജറ്റിനായി നീക്കിവെക്കുന്ന രാജ്യം ചൈനയാണ്. വുഹാൻ നഗരത്തിൽ  പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ ആരോഗ്യത്തെയും സാമ്പത്തികരംഗത്തെയും തച്ചുതരിപ്പണമാക്കി ഒരു മഹാമാരിയായി വളർന്നു എങ്കിലും, ചൈനയുടെ 2020 -ലെ പ്രതിരോധ ബജറ്റിൽ അതൊന്നും പ്രതിഫലിച്ചു കാണുന്നില്ല. 

 

 

കഴിഞ്ഞ കൊല്ലം 177.6 ബില്യൺ ഡോളർ ആയിരുന്ന ബജറ്റ് ഇക്കൊല്ലം 179 ബില്യൺ ഡോളർ ആക്കിയിട്ടുണ്ട് ചൈന. ഇന്ത്യയുടെ പ്രതിരോധബജറ്റിന്റെ മൂന്നിരട്ടിയിലധികം വരും ചൈനയുടേത്. ഇത്തവണ, കഴിഞ്ഞ വർഷങ്ങളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വർദ്ധനവ് മാത്രമേ ചൈനയുടെ പ്രതിരോധ ബജറ്റിൽ ഉണ്ടായിട്ടുള്ളൂ. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതമാണ് പ്രതിരോധ ബജറ്റിലെ അലോക്കേഷൻ വർധനനിരക്കിൽ ഉണ്ടായ ഈ കുറവിന് കാരണം. വെള്ളിയാഴ്ച നാഷണൽ പീപ്പിൾസ് കോൺഗ്രസ് അഥവാ NPC എന്ന രാജ്യത്തെ പാർലമെന്റിലാണ് ഈ ബജറ്റിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

 

 

എന്നാൽ ചൈനയുടെ പ്രതിരോധ രംഗത്തെ ചെലവിടൽ പലതിനും രഹസ്യ സ്വഭാവമാണ് ഉള്ളത് എന്നും, ചൈന കണക്കിൽ പറയുന്നതിനേക്കാൾ എത്രയോ അധികം തുക പടക്കോപ്പുകൾക്കും പ്രതിരോധ ഗവേഷണങ്ങൾക്കുമായി ചെലവിടുന്നുണ്ട് എന്നും വിമർശനങ്ങളുണ്ട്. എന്നാൽ ചൈനയുടെ ചെലവിനെപ്പറ്റി വിമർശനം ഉന്നയിക്കുന്നവരോട് ചൈനീസ് പ്രതിനിധികൾ സ്ഥിരമായി ചോദിക്കുന്ന മറുചോദ്യം അമേരിക്കയുടെ പ്രതിരോധ ബജറ്റിനെക്കുറിച്ചുള്ളതാണ്. ചൈനയുടെ ബജറ്റിന്റെ നാലിരട്ടിയോളം പ്രതിരോധത്തിനായി വകയിരുത്തുന്ന അമേരിക്കയാണ് ഏറ്റവും അധികം പണം പടക്കോപ്പുകൾക്കായി ചെലവിടുന്ന ലോകരാജ്യം. 
 

click me!