
കഴിഞ്ഞ ദിവസമാണ് ബലാത്സംഗമടക്കമുള്ള കേസുകളിലെ പ്രതിയായ ആൾദൈവം നിത്യാനന്ദ സ്ഥാപിച്ച കൈലാസം രാജ്യത്തിന്റെ പ്രതിനിധിയായി വനിത പങ്കെടുത്തത്. ഐക്യരാഷ്ട്രസഭയുടെ ജനീവ ഓഫീസിൽ കാവി വസ്ത്രം ധരിച്ച്, നെറ്റിയിൽ നീണ്ടകുറി വരച്ച്, പ്രത്യേക രീതിയിലുള്ള ശിരോവസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ചാണ് പ്രതിനിധിയായി പങ്കെടുത്ത മാ വിജയപ്രിയ മനോഹരമായ ഇംഗ്ലീഷിൽ സംസാരിച്ച് ലോക ശ്രദ്ധ പിടിച്ചുപററി. പിന്നാലെ, നിത്യാനന്ദയുടെ ട്വിറ്റർ ഹാൻഡിലിൽ വിജയപ്രിയയുടെ ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതോടെ ആരാണിവരെന്ന് ചോദ്യമുയർന്നു.
'യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ' എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ നേരത്തെ അവകാശപ്പെട്ടിരുന്നു. സ്വന്തം കറൻസിയും പാസ്പോർട്ടും പുറത്തിറക്കുകയും ചെയ്തു. ഹിന്ദു മതവിശ്വാസപ്രകാരമാണ് കൈലാസത്തിലെ ജനം ജീവിക്കുന്നതെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. വളരെ അവിചാരിതമായാണ് എല്ലാവരെയും ഞെട്ടിച്ച് നിത്യാനന്ദ പ്രതിനിധി സംഘത്തെ വിജയപ്രിയയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലേക്ക് അയച്ചത്. അതേസമയം, എങ്ങനെയാണ് നിത്യാനന്ദയുടെ രാജ്യത്തിന്റെ പ്രതിനിധിക്ക് യുഎന്നിൽ സംസാരിക്കാൻ അവസരം ലഭിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
മാ വിജയപ്രിയ യുഎന്നിൽ പ്രതിനിധികളോടൊപ്പം
'കൈലാസ'യുടെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ട് പ്രകാരം വിജയപ്രിയ നിത്യാനന്ദയാണ് ഐക്യരാഷ്ട്രസഭയിലെ 'കൈലാസ രാജ്യത്തിന്റെ' സ്ഥിരം അംബാസഡർ. അമേരിക്കയിലെ വാഷിംഗ്ടൺ ഡിസി സിറ്റിയിലെ താമസക്കാരിയാണെന്നാണ് വിജയപ്രിയ നിത്യാനന്ദ സ്വയം വിശേഷിപ്പിക്കുന്നത്. കൈലാസത്തിലെ നയതന്ത്രജ്ഞ എന്ന പദവിയാണ് വിജയപ്രിയക്ക് നൽകിയിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയ വിവര പ്രകാരം 2014ൽ കനേഡിയൻ യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജിയിൽ ബിരുദ ധാരിയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച അക്കാദമിക് പ്രകടനത്തിന് ഡീനിന്റെ ബഹുമതി ലഭിച്ചിട്ടുണ്ടെന്നും 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥി സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു.
വിജയപ്രിയയുടെ നേതൃത്വത്തിലാണ് കൈലാസ മറ്റ് രാജ്യങ്ങളും സംഘടനകളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യുണൈറ്റഡ് നേഷൻസ് കോൺഫറൻസിൽ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോയെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം ലഭിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ. വിജയപ്രിയ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചില കരാറുകളിൽ ഒപ്പുവെച്ചതായും അഭ്യൂഹമുണ്ട്. പല രാജ്യങ്ങളിലും കൈലാസയുടെ എംബസികളും എൻജിഒകളും തുറന്നിട്ടുണ്ടെന്ന് വിജയപ്രിയ നിത്യാനന്ദ അവകാശപ്പെടുന്നു. വിജയപ്രിയയെ കൂടാതെ കൈലാസ മേധാവി മുക്തികാ ആനന്ദ്, കൈലാസ സന്യാസി ലൂയിസ് ചീഫ് സോന കാമത്ത്, കൈലാസ യുകെ മേധാവി നിത്യ ആത്മദയകി, കൈലാസ ഫ്രാൻസ് മേധാവി നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയൻ മാ പ്രിയമ്പര നിത്യാനന്ദ എന്നിവരും 'കൈലാസ'യെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.