
റോം: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ വളർത്തുപൂച്ചയെ പൊതു ആശുപത്രിയിൽ സ്കാൻ ചെയ്ത ഡോക്ടർക്കെതിരെ അന്വേഷണം. ഇറ്റലിയിലെ അയോസ്റ്റയിലാണ് സംഭവം. ഇറ്റലിയിലെ വടക്കൻ മേഖലയിലെ ഉംപെർട്ടോ പരിനി ആശുപത്രിയിലാണ് സംഭവം നടന്നത്. റേഡിയോളജി വിഭാഗത്തിന്റെ മാനേജരായ ഡോക്ടർക്കെതിരെയാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. ജിയാൻലൂക്ക ഫനേലി എന്ന ഡോക്ടർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എന്നാൽ തന്റെ വളർത്തുപൂച്ച മരണത്തോട് മല്ലിടുന്ന അവസ്ഥയിലാണ് സിടി സ്കാൻ നടത്തിയതെന്നും ഇത് മൂലം രോഗികളിൽ ആർക്കും അസൌകര്യമുണ്ടായില്ലെന്നുമാണ് ജിയാൻലൂക്ക ഫനേലി വിശദമാക്കുന്നത്.
ഇതിന് പിന്നാലെ ന്യൂമോത്തോറാക്സ് ശസ്ത്രക്രിയയും നടത്തിയതായാണ് കണ്ടെത്തിയത്. ആൻജിയോ ഗ്രാഫി യൂണിറ്റിൽ വച്ചാണ് ഇതെന്നുമാണ് ഡോക്ടർക്കെതിരായ ആരോപണം. പരിക്കുകൾ വളർത്തുപൂച്ച അതിജീവിച്ചെങ്കിലും പൊതുസംവിധാനം ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഡോക്ടർക്കെതിരെ ശക്തമാവുകയാണ്. ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് സംഭവം കോടതിയിലേക്ക് എത്തിയിട്ടുള്ളത്. പൊതുജനത്തിന്റെ പണവും അവർക്ക് ലഭ്യമാകേണ്ട സേവനങ്ങളും ഡോക്ടർ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.
എന്നാൽ സ്കാൻ ചെയ്യാനായി ആരും ബുക്ക് ചെയ്തിരുന്നില്ലെന്നും രോഗികൾ ഉപയോഗിച്ച് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് സ്കാൻ ചെയ്തതെന്നുമാണ് ഡോക്ടറുടെ പ്രതിരോധം. അഥീന എന്ന ഡോക്ടറുടെ വളർത്തുപൂച്ച ആറാം നിലയിൽ നിന്ന് വീണാണ് പരിക്കേറ്റത്. നിയമം തെറ്റിച്ചതിൽ ഖേദിക്കുന്നതായും ആശുപത്രിക്കുണ്ടായ നാശനഷ്ടം നികത്താൻ തയ്യാറാണെന്നുമാണ് ഡോക്ടർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. തന്റെ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ പൂച്ചയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വയം ക്ഷമിക്കാൻ ആകുമായിരുന്നില്ലെന്നും അതിനാലാണ് ലഭ്യമായിരുന്ന സേവനങ്ങൾ ഉപയോഗിച്ചതെന്നുമാണ് ഡോക്ടർ വിശദമാക്കുന്നത്. ലീഗ് പാർട്ടി സെനറ്ററായ നിക്കോളേറ്റ് സ്പെൽഗറ്റിയുടെ ഭർത്താവ് കൂടിയാണ് ഈ ഡോക്ടർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം