
ന്യൂജേഴ്സി: ഇറച്ചി അറുത്തുമാറ്റിയ നിലയിൽ തീരത്ത് അടിഞ്ഞത് ഡോൾഫിന്റെ മൃതദേഹം. അമേരിക്കയിലെ ന്യൂജേഴ്സിയിലെ അലൻ വേവ് ബീച്ചിലാണ് വേട്ടക്കാർ ഉപേക്ഷിച്ച ഡോൾഫിന്റെ മൃതദേഹം കണ്ടെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. മൂർച്ചയേറിയ ആയുധം കൊണ്ട് ഇറച്ചി പൂർണമായും മുറിച്ച് മാറ്റിയ നിലയിലായതിനാലാണ് ഡോൾഫിനെ മനുഷ്യർ വേട്ടയാടിയതാണെന്ന സംശയം ബലപ്പെടാൻ കാരണമായത്.
എന്നാൽ തലയിലെ ഇറച്ചി വേട്ടക്കാർ എടുത്തിട്ടില്ല. ഹൃദയവും ശ്വാസകോശവും ഒഴികെയുള്ള എല്ലാ അവയവങ്ങളും വേട്ടക്കാർ നീക്കം ചെയ്ത നിലയിലാണ് ഉള്ളത്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപ് ബീച്ചിന് പരിസരത്തായി നീന്താൻ ബുദ്ധിമുട്ടുന്ന നിലയിൽ ഒരു ഡോൾഫിനെ കണ്ടതായാണ് അധികൃതർ വിശദമാക്കുന്നത്. ഇതേ ഡോൾഫിന്റെ മൃതദേഹ ഭാഗമാകാമെന്ന നീരീക്ഷണത്തിലാണ് അധികൃതരുള്ളത്. മൃതദേഹ ഭാഗങ്ങൾ മറൈൻ മാമൽ സ്രാൻഡിംഗ് സെന്ററിൽ നിന്നുള്ള പ്രവർത്തകരെത്തി വിശദമായി പരിശോധിച്ചതിന് പിന്നാലെ ബീച്ചിൽ തന്നെ കുഴിച്ച് മൂടുകയായിരുന്നു.
Read more... ഗ്രാമവാസികൾ ഉറക്കത്തിൽ, പൊട്ടിത്തെറിച്ച് അഗ്നിപർവ്വതം, വീടുകളെ മൂടി അഗ്നിഗോളങ്ങളും ചാരവും, നിരവധി മരണം
സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആബ്സ്ബെറി പാർക്കിന്റെ വടക്കൻ മേഖലയിൽ കിടന്ന ഡോൾഫിന്റെ മൃതദേഹം ബീച്ചിൽ നടക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. സാധാരണ ഡോൾഫിൻ വിഭാഗത്തിലുള്ള സസ്തനിയാണ് ക്രൂരമായി കൊല്ലപ്പെട്ടിട്ടുള്ളത്. ഇവയെ ഭീഷണി നേരിടുന്ന വിഭാഗത്തിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും എത്തരത്തിലാണ് കൊല്ലപ്പെട്ടത് എന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്സ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം