ലോക്ക്ഡൗണില്‍ ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നു; സ്ത്രീകള്‍ക്കായി ഹോട്ടല്‍ റൂം സംവിധാനമൊരുക്കി ഫ്രാന്‍സ്‌

By Web TeamFirst Published Mar 31, 2020, 8:29 PM IST
Highlights

ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ചെറുക്കുന്നതിനായി ഒരുമില്യണ്‍ യൂറോ ഫണ്ട് അനുവദിച്ചു. പാരിസില്‍ മാത്രം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം 36 ശതമാനം വര്‍ധിച്ചു.
 

പാരിസ്: ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് നേരെ വീട്ടകങ്ങളില്‍ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇരകള്‍ക്ക് പ്രത്യേക ഹോട്ടല്‍ റൂം സംവിധാനമൊരുക്കി ഫ്രാന്‍സ്. പ്രത്യേക കൗണ്‍സിലിംഗും ആരിഭിച്ചു. സ്ത്രീകള്‍ക്ക് സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി രാജ്യത്ത് 20 ഷോപ്പുകള്‍ തുറക്കുമെന്ന് സമത്വ മന്ത്രി മര്‍ലീന ഷിയാപ്പ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ചെറുക്കുന്നതിനായി ഒരുമില്യണ്‍ യൂറോ ഫണ്ട് അനുവദിച്ചു.

പാരിസില്‍ മാത്രം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം 36 ശതമാനം വര്‍ധിച്ചു. രാജ്യത്താകമാനം 32 ശതമാനമാണ് വര്‍ധിച്ചത്. രണ്ട് കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 17നാണ് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15 വരെയാണ് ലോക്ക്ഡൗണ്‍.  അവശ്യകാര്യങ്ങള്‍ക്കല്ലാതെ വീട് വിട്ട് പുറത്തിറങ്ങാന്‍ ആര്‍ക്കും അനുവാദമില്ല. ക്വറന്റൈന്‍ കാലത്ത് സ്ത്രീകള്‍ക്ക് സഹായമര്‍ഭ്യര്‍ഥിക്കാന്‍ പോലുമാകുന്നില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്കായി 20,000 ഹോട്ടല്‍ റൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കേന്ദ്രങ്ങളും തുറന്നു.

സ്‌പെയിനിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. ഫാര്‍മസികളില്‍ മാസ്‌ക് 19 എന്ന കോഡ് ഭാഷയുപയോഗിച്ചാണ് സ്ത്രീകള്‍ ഗാര്‍ഹിക പീഡനം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സിലും ഫാര്‍മസികളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലും ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചു.
 

click me!