'തത്കാലത്തേക്ക് ഗുഡ്ബൈ, വൈകാതെ വീണ്ടും കാണാം'; ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടു

By Web TeamFirst Published Jan 20, 2021, 7:31 PM IST
Highlights

വൈറ്റ് ഹൌസിൽ ട്രംപിനെ യാത്രയാക്കാൻ എത്തിയത് വളര ചെറിയ ആൾക്കൂട്ടം. വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസും യാത്ര പറയാൻ എത്തിയില്ല. 

വാഷിം​ഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപേ വൈറ്റ് ഹൗസ് ഒഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളിൽ മണിക്കൂറുകൾക്കുള്ളിൽ അധികാരമേൽക്കാനിരിക്കെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പോയത്. 

ഫ്ളോറിഡയിലേക്ക് പോകും മുൻപ് സൈനിക ബേസിൽ വച്ചു അണികളെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രംപ് തനിക്ക് നൽകിയ പിന്തുണയ്ക്ക് അവ‍ർക്ക് നന്ദി പറഞ്ഞു. ഞാൻ ​ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും. വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് വ‍ർഷം തീർത്തും അവിസ്മരണീയമായിരുന്നു -  വിടവാങ്ങൽ പ്രസം​ഗത്തിൽ ട്രംപ് പറഞ്ഞു. പ്രഥമ വനിതയായി വൈറ്റ് ഹൗസിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ട്രംപിൻ്റെ പത്നി മെലാനിയ ട്രംപ്. 

വൈറ്റ് ഹൗസിൽ നിന്നും അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തേക്കാണ് ട്രംപ് പോകുന്നത്.  യുഎസ് എയർഫോഴ്സിൻ്റെ ഹെലികോപ്റ്ററിൽ വൈറ്റ് ഹൗസിൽ നിന്നും പോയ ട്രംപ് ആൻഡ്രൂസ് സൈനികബേസിൽ വച്ച് തന്റെ അണികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.  സൈനിക ബേസിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോ​ഗിക വിമാനമായ എയർഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയത്. 

കാലാവധി പൂ‍ർത്തിയാക്കി അമേരിക്കൻ പ്രസിഡൻ്റുമാ‍ർ വൈറ്റ് ഹൗസ് വിടുമ്പോൾ വലിയ ആൾക്കൂട്ടം അവരെ യാത്രയാക്കാൻ വൈറ്റ് ഹൗസ് പരിസരത്ത് ഒത്തുകൂടാറുണ്ടെങ്കിലും ട്രംപ് പോകുമ്പോൾ യാത്രയാക്കാൻ എത്തിയത് ശുഷ്കമായ ആൾക്കൂട്ടമാണ്. അതേസമയം സ്ഥാനമൊഴിയുന്ന പ്രസിഡൻ്റിനെ യാത്രയാക്കാൻ അമേരിക്കൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് എത്താതിരുന്നത് വലിയ വാ‍ർത്തയായിട്ടുണ്ട്. യുഎസ് ക്യാപിറ്റോളിൽ ട്രംപ് അണികൾ നടത്തിയ ആക്രമണത്തിന് ശേഷം ട്രംപും പെൻസും അകന്നുവെന്ന വാർത്തകളെ പെൻസിൻ്റെ അസാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. 

നിയുക്ത പ്രസിഡൻ്റിൻ്റെ അധികാരമേൽക്കൽ ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ പങ്കെടുക്കുന്നതാണ് അമേരിക്കയിലെ കീഴ്വഴക്കം. തുട‍ർന്ന് വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡൻ്റിനെ സ്വാ​ഗതം ചെയ്യുന്നതും പഴയ പ്രസിഡൻ്റാണ്. വൈറ്റ് ഹൗസിൽ നിന്നും പുതിയ പ്രസിഡൻ്റ് പിന്നീട് പഴയ പ്രസിഡൻ്റിനെ യാത്രയാക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. എന്നാൽ കീഴ്വഴക്കങ്ങളോടെല്ലം മുഖംതിരിച്ചാണ് ട്രംപിൻ്റെ പടിയിറക്കം. 

click me!