
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അതിന്‍റെ അവസാന ലാപ്പിലേക്ക് എത്തിനിൽക്കുകയാണ്. ഇന്നേക്ക് കൃത്യം 15 -ാം നാൾ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഡോണൾഡ് ട്രംപാകുമോ കമല ഹാരിസാകുമോ പുഞ്ചിരിക്കുക? പലർക്കും പല ഉത്തരമാകും. വാശിയേറിയ തെരഞ്ഞെടുപ്പിന്‍റെ ട്രെൻഡുകൾ മാറി മറിയുന്നുണ്ട്. അതിനിടയിൽ പ്രമുഖരും സ്ഥാനാർഥികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത് ഡബ്ല്യുഡബ്ല്യുഇ ഇതിഹാസങ്ങളായ അണ്ടർടേക്കറും കെയ്നുമാണ്. ഇരുവരും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡബ്ല്യു ഡബ്ല്യു ഇ (വേൾഡ് റസ്ലിംഗ് എന്റർടെയ്ൻമെന്റ്) ഇതിഹാസങ്ങളായ അണ്ടർടേക്കർ എന്നറിയപ്പെടുന്ന മാർക്ക് കാലവേയും കെയ്ൻ എന്നറിയിപ്പെടുന്ന ഗ്ലെൻ ജേക്കബ്സും ട്രംപിനൊപ്പം ടിക് ടോക്ക് വീഡിയോയിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. ട്രംപും അണ്ടർടേക്കറും കെയ്നും കൂടി കമലാ ഹാരിസിനെ പരിഹസിക്കുന്ന ടിക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായിട്ടുണ്ട്.
ട്രംപ് ദുർബലനും അമിത ഭാരമുള്ളയാളാണെന്നും പറഞ്ഞ മുൻ ഡബ്ല്യു ഡബ്ല്യു ഇ താരം ഡേവ് ബാറ്റിസ്റ്റയേയും മൂവരും വീഡിയോയിൽ പരിഹസിക്കുന്നുണ്ട്. അമേരിക്കയുടെ നല്ല ഭാവിക്കായി എല്ലാവരും ഏറ്റവും മികച്ച തീരുമാനമെടുക്കണമെന്നും അണ്ടർടേക്കർ വീഡിയോയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അണ്ടർടേക്കറിനൊപ്പം ട്രംപ് വരും ദിവസങ്ങളിൽ അഭിമുഖം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ കൗണ്ട്ഡൗണിന് ആവേശവും ആശങ്കയും ഓരോ നിമിഷവും കൂടുകയാണ്. ചില സംസ്ഥാനങ്ങളിൽ ഒപ്പത്തിനൊപ്പവും ചിലതിൽ നേരിയ വ്യത്യാസവുമാണ് സ്ഥാനാർത്ഥികൾ തമ്മിലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കമല ഹാരിസിന് ആദ്യ ഘട്ടത്തിൽ വലിയ ലീഡുണ്ടായിരുന്ന ചിലയിടങ്ങളിൽ ഇപ്പോൾ ലീഡ് കുറയുകയാണെന്നാണ് വ്യക്തമാകുന്നത്. ട്രംപും കമലയും തമ്മിലുള്ള വ്യത്യാസം തീരെ നേർത്തതായിട്ടുണ്ട്. പ്രതീക്ഷ രണ്ട് കൂട്ടർക്കും ഒപ്പത്തിനൊപ്പമാണെന്നാണ് ഈ ഘട്ടത്തിൽ പറയാനാകുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam