
വാഷിങ്ടൺ: ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചർച്ചകൾ പുരോഗമിക്കവെ, ആറുലക്ഷം ചൈനക്കാരായ വിദ്യാർഥികൾക്ക് യുഎസ് സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ട്രംപ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി.
'ചൈനയിൽ നിന്നും നികുതിയിനത്തിലും മറ്റും ധാരാളം പണം യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ട് ചൈനയുമായി നല്ലരീതിയിൽ മുന്നോട്ടുപോകാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തിൽനിന്ന് വ്യത്യസ്തമായിരിക്കും ആ ബന്ധമെന്നും ട്രംപ് പറഞ്ഞു. നേരത്തെ കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മാറിയ സാഹചര്യത്തിൽ ചൈനീസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സർവകലാശാലകളിലായി നിലവിൽ 2,70,000 ചൈനീസ് വിദ്യാർഥികളാണ് പഠിക്കുന്നത്.