
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി പുതിയ സമയപരിധി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരാനിരിക്കുന്ന തിങ്കളാഴ്ചയ്ക്കുള്ളിൽ പാത തുറന്നില്ലെങ്കിൽ കടുത്ത രീതിയിലുള്ള ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. മുൻപും പലതവണ സമയപരിധി നീട്ടി നൽകിയിരുന്നെങ്കിലും ഇത്തവണത്തെ മുന്നറിയിപ്പ് മേഖലയിൽ വലിയ ആശങ്ക പടർത്തുന്നുണ്ട്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർത്തുവെന്നായിരുന്നു പ്രസിഡന്റ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വലിയ പ്രഹരശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങളെ അമേരിക്ക യുദ്ധമേഖലയിൽ വിന്യസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കൻ വിമാനങ്ങൾ തുടർച്ചയായി വെടിവെച്ചിടപ്പെട്ടത് ഇറാന്റെ പ്രതിരോധം ഇപ്പോഴും ശക്തമാണെന്നത് ശരിവെക്കുന്നു.
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് ഐആർജിസിയുടെ അവകാശവാദം. എന്നാൽ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വെടിവെച്ചിടുന്നത്. എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാൻ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam