
ദുബായ്: ദുബായിലെ പ്രമുഖ അമേരിക്കൻ സാങ്കേതിക വിദ്യ കമ്പനിയായ ഒറാക്കിളിന്റെ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ദുബായ് സർക്കാർ നിഷേധിച്ചു. സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്ന ഈ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിൽ ഇത്തരമൊരു ആക്രമണം നടന്നുവെന്നത് ‘വ്യാജവാർത്ത’ ആണെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വാഷിംഗ്ടണുമായി തർക്കം രൂക്ഷമായാൽ പ്രമുഖ അമേരിക്കൻ സാങ്കേതിക വിദ്യ കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലെ ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. ജനങ്ങളിൽ ഭീതി പടർത്തുന്ന ഇത്തരം വ്യാജ റിപ്പോർട്ടുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam