ഫോണിൽ എമർജൻസി അലർട്ട് വരുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മാർഗനിർദ്ദേശങ്ങളുമായി ദുബായ് അധികൃതർ

Published : Mar 11, 2026, 03:48 PM IST
 emergency warning alert

Synopsis

യുഎഇയിൽ എമർജൻസി അലർട്ടുകൾ ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അധികൃതർ നിർദ്ദേശങ്ങൾ നൽകി. കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാനും, ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും, 'ഓൾ ക്ലിയർ' സന്ദേശം ലഭിക്കുന്നതുവരെ പുറത്തിറങ്ങാതിരിക്കാനും നിർദ്ദേശമുണ്ട്.  

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങള്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി നിരവധി ജാഗ്രതാ മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്. അബുദാബിയിലെ ഇന്ത്യൻ എംബസിയും സുരക്ഷാ നിർദ്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തിന് നേർക്ക് വരുന്ന മിസൈൽ, ‍ഡോൺ ആക്രമണങ്ങളെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രതിരോധിച്ച് വരികയാണ്. ഇത്തരം ആക്രമണങ്ങൾ പ്രതിരോധിക്കുന്ന സാഹചര്യങ്ങളില്‍ ജനങ്ങളുടെ ഫോണുകളില്‍ ഇതുമായി ബന്ധപ്പെട്ട് എമർജൻസി അലർട്ടുകള്‍ ലഭിക്കാറുണ്ട്. ഇത്തരത്തിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുമ്പോൾ എന്തൊക്കെ മുൻകരുതലാണ് സ്വീകരിക്കേണ്ടതെന്ന് ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫീസ് വ്യക്തമാക്കി.

രാജ്യം സുരക്ഷിതമാണെന്നും എല്ലാ സംവിധാനങ്ങളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ ഉറപ്പു നൽകുന്നുണ്ട്. മന്ത്രാലയത്തിന്റെ അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തമായി പ്രതികരിക്കാൻ പൊതുജനങ്ങളെ സഹായിക്കുകയാണ് ഈ മാർഗനിർദ്ദേശങ്ങളുടെ ലക്ഷ്യം. ഫോണിൽ അലർട്ട് ലഭിക്കുന്ന സമയം നിങ്ങൾ താമസസ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ അല്ലാതെ പുറത്താണ് ഉള്ളതെങ്കില്‍ ഉടൻ തന്നെ തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കണം. ഈ സമയം നിങ്ങൾ വാഹനമോടിക്കുകയാണെങ്കില്‍ തൊട്ടടുത്തുള്ള ഇൻഡോർ ലൊക്കേഷനിലേക്ക് മാറണം.

തുറസ്സായ സ്ഥലങ്ങൾ, ജനലുകൾ, ബാൽക്കണികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക. ഗ്ലാസ് പാനലുകൾക്കും പുറം ചുവരുകൾക്കും സമീപം നിൽക്കരുത് എന്നീ നിർദ്ദേശങ്ങളും അധികൃതർ നൽകുന്നുണ്ട്. സന്ദേശം ലഭിക്കുമ്പോള്‍ വീടുകളിലും ഓഫീസുകളിലും ഉള്ളിലുള്ളവർ ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും അകന്നു നിൽക്കണം. കെട്ടിടത്തിനുള്ളിലെ കൂടുതൽ സുരക്ഷിതമായ ഉൾഭാഗത്തേക്ക് മാറണമെന്നാണ് നിർദ്ദേശം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളോ വീഡിയോകളോ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ ആവർത്തിച്ച് നിർദ്ദേശം നൽകുന്നുണ്ട്.

നിർദ്ദേശം ലഭിക്കാതെ ലിഫ്റ്റുകൾ ഉപയോഗിക്കരുത്. കെട്ടിടങ്ങളിലെ പബ്ലിക് അഡ്രസ് സിസ്റ്റം വഴിയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുക. അപകടസാധ്യത ഒഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൾ ക്ലിയ‍ർ സന്ദേശം ലഭിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരുക. സാധാരണ പ്രവർത്തനങ്ങൾ ശാന്തമായി തുടരാമെന്ന അറിയിപ്പ് ലഭിച്ച ശേഷം മാത്രം പുറത്തിറങ്ങണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അതേസമയം മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ യുഎഇ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ രാത്രി 10. 30 വരെ മിസൈൽ ഭീഷണിയുണ്ടായാൽ മൊബൈലുകളിൽ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദം തുടരും. ഭീഷണി ഒഴിഞ്ഞാൽ സാധാരണ സന്ദേശത്തിന്റെ ടോണും ലഭിക്കും. രാത്രി 10.30 മുതൽ രാവിലെ 9 മണി വരെ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തിന് പകരം സാധാരണ മെസേജ് ടോൺ മാത്രമേ ഉണ്ടാകൂ. ഭീഷണി ഒഴിയുമ്പോഴുള്ള സന്ദേശത്തിനും സാധാരണ ടോൺ ആയിരിക്കും.. രാത്രികാലങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് അലർട്ട് ടോണിൽ മാറ്റം വരുത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ മാർച്ച് 10 വരെ 262 ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിക്കപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 241 എണ്ണവും യുഎഇ വിജയകരമായി തകർത്തു. 19 മിസൈലുകൾ കടലിൽ പതിച്ചു. രണ്ട് മിസൈലുകൾ മാത്രമാണ് രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണത്. 1,475 ഡ്രോണുകൾ തൊടുത്തു. ഇതിൽ 1,385 എണ്ണവും ആകാശത്തുവെച്ച് തന്നെ തട‌ഞ്ഞു. 90 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു. എട്ട് ക്രൂയിസ് മിസൈലുകളും യുഎഇ പ്രതിരോധ മന്ത്രാലയം തകർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് ടെക് ഭീമന്‍മാര്‍ 'അടുത്ത ലക്ഷ്യം' എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി; ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി
കടുത്ത നീക്കവുമായി മുജ്തബ ഖമനെയി; ആണവ പദ്ധതികളും യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കിയേക്കും