
വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ അവിടുത്തെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ എതിർത്ത് പ്രധാന രാജ്യങ്ങൾ രംഗത്ത്. ഗാസയിലെ അഭയാർഥികളെ ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ട്രംപിന്റെ നിർദേശത്തെ ഈ രാജ്യങ്ങൾ തള്ളി. പലസ്തീനികളുടെ കുടിയിറക്കത്തിനെതിരായ നിലപാട് ഉറച്ചതാണെന്നും ജോർദാൻ ജോർദാനികൾക്കും പലസ്തീൻ പലസ്തീനുകൾക്കും ഉള്ളതാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി വ്യക്തമാക്കി.
പലസ്തീൻ ജനതയുടെ അവകാശത്തെ എല്ലാക്കാലവും പിന്തുണക്കുമെന്ന് ഈജിപ്തും അറിയിച്ചു. ട്രംപിന്റെ നിർദേശത്തെ ജർമനിയും എതിർത്തു. ഗാസയിൽ നിന്ന് ജനതയെ ഒഴിപ്പിക്കണമെന്ന നിർദേശത്തെ പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു.1948 ലും 1967 ലും പലസ്തീൻ ജനതക്ക് സംഭവിച്ച ദുരന്തങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഗാസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്. അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കണം. ഇവർക്കായി വീട് നിർമിച്ച് നൽകുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ എതിർത്ത് ഹമാസ് രംഗത്തെത്തി. പലസ്തീനികളെ ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർക്കുമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബസീം നെയിം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam