പുരുഷാധിപത്യം പാപമായി പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സഭ; വര്‍ണവെറി വിഗ്രഹാരാധനക്ക് തുല്യമെന്നും പ്രഖ്യാപനം

By Web TeamFirst Published Aug 10, 2019, 7:19 PM IST
Highlights

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കാതലായ മാറ്റങ്ങ വരുത്തിയതെന്ന് സഭാ പുരോഹിതര്‍ പറയുന്നു. ഏഴ് വര്‍ഷമെടുത്താണ് തീരുമാനമെടുത്തത്. വാര്‍ത്തകളില്‍ ഇടം നേടാനല്ല ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സ്ത്രീകളുടെ നീതിയില്‍ മാത്രമാണ് മുന്‍ഗണനയെന്ന് ബിഷപ് വിവിയാനെ തോമസ് പറഞ്ഞു. 

മില്‍വോകി(അമേരിക്ക): പുരുഷാധിപത്യവും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവും പാപമായി അംഗീകരിച്ച് അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്(ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ഇന്‍ അമേരിക്ക-ഇഎല്‍സിഎ). വെള്ളിയാഴ്ച  നടന്ന വോട്ടെടുപ്പില്‍ 97 ശതമാനം വിശ്വാസികളും പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും പാപമാണെന്ന് അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് 'ഫെയ്ത്, സെക്സിസം, ആന്‍ഡ് ജസ്റ്റിസ്: എ കാള്‍ ഓഫ് ആക്ഷന്‍' എന്ന പേരില്‍ പ്രസ്താവന പുറത്തിറക്കി. നിറത്തിന്‍റെ പേരിലുള്ള വംശീയതയെയും ചര്‍ച്ച് അപലപിച്ചു. 

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കാതലായ മാറ്റങ്ങള്‍ വരുത്തിയതെന്ന് സഭാ പുരോഹിതര്‍ പറയുന്നു. ഏഴ് വര്‍ഷമെടുത്താണ് തീരുമാനമെടുത്തത്. വാര്‍ത്തകളില്‍ ഇടം നേടാനല്ല ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സ്ത്രീകളുടെ നീതി മാത്രമാണ് മുന്‍ഗണനയെന്ന് ബിഷപ് വിവിയാനെ തോമസ് പറഞ്ഞു. 

സമീപകാലത്തുയര്‍ന്ന  #മീടു,# ടൈംസ് അപ് പ്രക്ഷോഭങ്ങള്‍ തീരുമാനം വേഗത്തിലാക്കാന്‍ കാരണമായി.  പുതിയ തീരുമാനം സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. സഭയില്‍ സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരാന്‍ പുതിയ തീരുമാനത്തിന് സാധിക്കും. സമൂഹത്തില്‍ ലിംഗ വ്യത്യാസമില്ലാതെ സ്ത്രീക്കും പുരുഷനൊപ്പം നില്‍ക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വര്‍ണവിവേചനത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. വര്‍ണവെറി വിഗ്രഹാരാധനക്ക് തുല്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 

click me!