
ദുബായ്: 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്കായി വമ്പൻ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്. തങ്ങളുടെ 1.3 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് (ഏകദേശം 5 മാസത്തെ ശമ്പളം) തുല്യമായ തുകയാണ് ബോണസായി നൽകുന്നത്.
ഫെബ്രുവരി മുതൽ മേഖലയിൽ നിലനിൽക്കുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഈ കടുത്ത വെല്ലുവിളികൾക്കിടയിലും എമിറേറ്റ്‌സിനെ വിജയകരമായി മുന്നോട്ട് നയിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള നന്ദിയായാണ് ഈ ബോണസ്.
‘2026 മാർച്ച് മാസത്തെ പ്രതിസന്ധികൾ വിസ്മൃതിയിലാകാം, പക്ഷേ നിങ്ങളുടെ ധീരതയും അചഞ്ചലമായ കരുത്തും ഞങ്ങൾ ഒരിക്കലും മറക്കില്ല,’ എന്ന് എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്കയച്ച കത്തിൽ പറഞ്ഞു. നികുതിക്ക് മുമ്പുള്ള എമിറേറ്റ്സ് എയർലൈന്‍റെ ലാഭം 24.4 ബില്യൺ ദിർഹം (7% വർധനവ്) ആണ്. 150.5 ബില്യൺ ദിർഹം (3% വർധനവ്) ആണ് വരുമാനം. ജീവനക്കാരുടെ എണ്ണം 1,30,919 ആയി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം 9,700-ലധികം പുതിയ ജീവനക്കാരെയാണ് ഗ്രൂപ്പ് നിയമിച്ചത്.
നിലവിൽ 72 രാജ്യങ്ങളിലെ 137 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് പുനഃസ്ഥാപിച്ചു കഴിഞ്ഞു. ദുബായുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ വ്യോമയാന മേഖല 6.3 ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ നൽകുന്നത്. ഇത് 2030-ഓടെ ഗണ്യമായി വർധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam