
ബ്രിട്ടൻ: പൂപ്പൽ ബാധമൂലം വംശനാശ ഭീഷണി. തവളകളെ രക്ഷിക്കാൻ അറ്റകൈ പ്രയോഗവുമായി അധികൃതർ. ആൺ തവളയെ പതിനൊന്നായിരം കിലോമീറ്റർ അകലേക്ക് മാറ്റിപ്പാർപ്പിച്ചു. പിറന്നത് 33 കുഞ്ഞുതവളകൾ. ബ്രിട്ടനിലാണ് സംഭവം. അപകടകരമായ രീതിയിൽ വംശനാശ ഭീഷണി നേരിട്ട ഡാർവിൻ തവള ഇനത്തിൽപ്പെട്ട ആൺ തവളയെയാണ് ചിലെയുടെ തെക്കൻ മേഖലയിലെ ദ്വീപിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ലണ്ടൻ മൃഗശാലയിലേക്ക് മാറ്റിയത്. ബോട്ടിലും വിമാനത്തിലും കാറിലുമായാണ് തവളയച്ഛനെ മൃഗശാലയിലെത്തിച്ചത്.
1834ൽ ചാൾസ് ഡാർവിൻ ആണ് ഈ ഇനം തവളയെ കണ്ടെത്തിയത്. റിനോഡെർമ ഡാർവിനി എന്നയിനം ഈ തവളകളിൽ ആൺ തവളകളുടെ സ്വനപേടകത്തിനുള്ളിലാണ് വാൽമാക്രികൾ വളരുന്നത്. മൃഗശാലയിൽ തവളയച്ഛൻ വാൽമാക്രികളെ വളർത്തുമ്പോഴേയ്ക്കും സ്വാഭാവിക ആവാസയിടം പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് ജന്തുശാസ്ത്രജ്ഞരുള്ളത്. ഉഭയ ജീവികളിൽ ആഗോളതലത്തിൽ ബാധിക്കുന്ന പൂപ്പൽ ബാധയാണ് ഇവയുടെ വംശനാശ ഭീഷണിക്ക് കാരണമായത്. കൈട്രിഡ് പൂപ്പൽബാധയാണ് തവളകളെ സാരമായി വലച്ചത്. 500ഓളം ഉഭയ ജീവികളെ ഈ പൂപ്പൽ ബാധ ബാധിച്ചിരുന്നു.
2023ലാണ് ചിലെയിൽ ഡാർവിൻ തവളകളിലും പൂപ്പൽ ബാധ ശ്രദ്ധയിൽപ്പെട്ടത്. ഒരു വർഷം കൊണ്ട് 90 ശതമാനം തവളകളേയും പൂപ്പൽ ബാധ കൊന്നൊടുക്കിയതോടെയാണ് ബ്രിട്ടന്റെ അടിയന്തര ഇടപെടൽ. കഴിഞ്ഞ ഒക്ടോബറിലാണ് പൂപ്പൽ ബാധ എത്തിപ്പെടാത്ത തവളകളെ ഗവേഷകർ കണ്ടെത്തിയത്. കാലാവസ്ഥ അടക്കം ക്രമീകരിച്ച പെട്ടികളിലാക്കി 6 മണിക്കൂർ ബോട്ട് യാത്രയും 15 മണിക്കൂർ റോഡ് യാത്രയും വിമാനയാത്രയും പൂർത്തിയാക്കിയാണ് തവളയച്ഛനെ ബ്രിട്ടനിലെത്തിച്ചത്. പൂർണ വളർച്ചയെത്തിയ തവളകൾ 2 ഗ്രാമിൽ താഴെ ഭാരവും 3 സെന്റി മീറ്റർ മാത്രം വലുപ്പവും വരുന്നവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam