സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്ക്; കുടുങ്ങിയ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാര്‍

By Web TeamFirst Published Mar 26, 2021, 10:17 AM IST
Highlights

ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും  25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 

സമുദ്രപാതയില്‍ ലോകം കണ്ട ഏറ്റവും വലിയ ട്രാഫിക്ക് ബ്ലോക്കുണ്ടാക്കി സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍. ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമുദ്രപാതയിലുണ്ടായ ട്രാഫിക്ക് ബ്ലോക്ക് നീക്കാനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ക്യാബിന്‍ ക്രൂവിനേക്കുറിച്ചുള്ള വിവരങ്ങള്‍ വരുന്നത്. 

ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും  25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്മെന്‍റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വ്വീസ് നിയന്ത്രിക്കുന്നത്. 

നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂയസ് കനാലിന്‍റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്, മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‍വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്‍റെ ചുമതലയിലുള്ളത്.

സൂയസ് കനാലില്‍ 'ട്രാഫിക്ക് ബ്ലോക്ക്'; സമുദ്രപാതയില്‍ കുടുങ്ങി നിരവധി കപ്പലുകള്‍

2018ലാണ് ഈ വമ്പന്‍ കപ്പല്‍ നിര്‍മ്മിതമായത്. ഈ ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കപ്പലിന്‍റെ കിടപ്പ്. നിരവധി കപ്പലുകളാണ് ഇതോടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ അവകാശപ്പെടുന്നത്. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവര്‍ഗ്രീന്‍ വ്യക്തമാക്കി. സൂയസ് കനാലില്‍ ഇത്തരം ഗതാഗതക്കുരുക്കുണ്ടാവുന്നത് അപൂര്‍വ്വമാണെന്നാണ് സമുദ്ര ഗവേഷകനായ ഡോ സാല്‍ മെര്‍കോഗ്ലിയാനോ പറയുന്നത്. ആഗോള വ്യവസായ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഈ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നാണ് ഡോ സാല്‍ മെര്‍കോഗ്ലിയാനോ വിലയിരുത്തുന്നത്.

A traffic jam on the Suez Canal, like the one caused by the massive Ever Given container ship, is rather a big problem. Why is the Suez Canal so important? pic.twitter.com/8AAiHpmQUM

— Reuters (@Reuters)

സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്.  2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു. 120 മൈല്‍ (193 കിലോമീറ്റര്‍) നീളമാണ് സൂയസ് കനാലിലുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിട്ടുള്ളത്. 

click me!