
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായ വൈറ്റ് ഹൌസിലേക്ക് കവറില്‍ എത്തിയ മാരക വിഷപദാര്‍ത്ഥം പിടിച്ചെടുത്തു. കാനഡയില്‍ നിന്നെന്ന് വിശദമാക്കുന്നതാണ് കവറിലെ വിലാസം. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വസതിയായ വൈറ്റ് ഹൌസിലേക്ക് എത്തിയതായിരുന്നു ഈ കവര്‍. റൈസിന്‍ എന്ന മാരക വിഷമായിരുന്നു കവറിലുണ്ടായിരുന്നത്. ഗവണ്‍മെന്‍റ് മെയില്‍ സെന്‍ററിലേക്കാണ് കവര്‍ എത്തിയതെന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യുഎസ് സീക്രട്ട് സര്‍വ്വീസ്, യുഎസ് തപാല്‍ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് എഫ്ബിഐയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് മാരക വിഷവസ്തുവുമായി കവര്‍ എത്തിയത്. എന്നാല്‍ വൈറ്റ് ഹൌസ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആവണക്കിന്‍റെ കുരുവില്‍ സാധാരണമായി കാണുന്ന വസ്തുവാണ് റൈസിന്‍. എന്നാല്‍ ഇത് ജൈവായുധമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സുരക്ഷാ ഏജന്‍സി വ്യക്തമാക്കുന്നത്. 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണത്തിന് കാരണമാകുന്ന റൈസിന് മറുമരുന്നുകള്‍ ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട് ഇത്തരം കേസുകള്‍ അടുത്തിടെ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2014, 2018ലും സമാന സംഭവം റിപ്പോര‍്‍ട്ട് ചെയ്തിട്ടുണ്ട്. 2014 മെയ് മാസത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബാരാക് ഒബാമയ്ക്ക് വിഷ വസ്തു അടങ്ങിയ കത്ത് അയച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതിന് മിസിസിപ്പി സ്വദേശിയായ ഒരാള്‍ക്ക് 25 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam