യുദ്ധം കഴിഞ്ഞാല്‍ യുദ്ധക്കപ്പലുകളുടെ അകമ്പടി; ഹോര്‍മുസിന്റെ സുരക്ഷയ്ക്ക് വന്‍ പദ്ധതിയുമായി യൂറോപ്പ്

Published : Mar 28, 2026, 06:38 PM IST
Hormuz Strait

Synopsis

എണ്ണക്കപ്പലുകള്‍ക്കും മറ്റ് ചരക്ക് കപ്പലുകള്‍ക്കും അകമ്പടിയായി യുദ്ധക്കപ്പലുകള്‍ അയക്കുക, ആവശ്യമെങ്കില്‍, ഇറാന്റെ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിടുക,  ഷിപ്പിംഗ് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സൈനിക ശക്തി പരസ്യമായി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ സാധ്യതകളാണ് യൂറോപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്.

ലണ്ടന്‍: യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്‍കൈയില്‍ വന്‍പദ്ധതി തയ്യാറാക്കുന്നു. കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി നല്‍കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. ഫ്രാന്‍സും ബ്രിട്ടനുമാണ് ഈ പദ്ധതിയുടെ സൂത്രധാരന്‍മാര്‍. നേരത്തെ തന്നെ ഈ പദ്ധതി ആലോചിച്ചിരുന്നതായി യൂറോപ്യന്‍ യൂനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ യുദ്ധത്തില്‍ പങ്കുചേരാന്‍ പ്രസിഡന്റ് ട്രംപ് പല തവണ ആവശ്യപ്പെട്ടിട്ടും യൂറോപ്യന്‍ രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. യുദ്ധത്തിനു മുമ്പ് യൂറോപ്യന്‍ നേതാക്കളെ അവമതിക്കുകയും അവഗണിക്കുകയും ചെയ്ത ട്രംപ് പിന്നീട് സഹായം തേടുകയായിരുന്നു. ഈ ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിക്കാതിരുന്ന യൂറോപ്യന്‍ നേതാക്കള്‍ ഇപ്പോള്‍ യുദ്ധാനന്തര സുരക്ഷയ്ക്കു വേണ്ടിയുള്ള രഹസ്യ ചര്‍ച്ചകള്‍ തുടരുകയാണ്. യുദ്ധം തീര്‍ന്നാല്‍, ഇറാന്റെ തീരപ്രദേശത്തെ സമുദ്ര സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. യുദ്ധം അവസാനിച്ചാല്‍ ഈ കപ്പല്‍ പാതയിലൂടെയുള്ള ഗതാഗതം സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി, പുറംലോകം അറിയാതെ, കരുക്കള്‍ നീക്കുകയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍.

എണ്ണക്കപ്പലുകള്‍ക്കും മറ്റ് ചരക്ക് കപ്പലുകള്‍ക്കും അകമ്പടിയായി യുദ്ധക്കപ്പലുകള്‍ അയക്കുക, ആവശ്യമെങ്കില്‍, യുദ്ധക്കപ്പലുകളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിടുക, ആശങ്കാകുലരായ ഷിപ്പിംഗ് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സൈനിക ശക്തി പരസ്യമായി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ സാധ്യതകളാണ് യൂറോപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്.

ചര്‍ച്ചകളില്‍ 35 രാജ്യങ്ങള്‍ പങ്കുചേരുന്നതായി വ്യാഴാഴ്ച ഫ്രാന്‍സ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിനായി സഖ്യകക്ഷികളുമായും വാണിജ്യ കപ്പല്‍ വ്യവസായ സ്ഥാപനങ്ങളുമായും പ്രായോഗിക പദ്ധതി തയ്യാറാക്കാന്‍ ശ്രമിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ബഹ്റൈന്‍, യുഎഇ തുടങ്ങിയ നാറ്റോ ഇതര രാജ്യങ്ങളും ഈ നീക്കത്തിന്റെ ഭാഗമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാന്‍ ഹാക്കര്‍മാരുടെ ആക്രമണം; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ ജിമെയില്‍ രഹസ്യങ്ങള്‍ പരസ്യമായി
യുദ്ധത്തിലേക്ക് ഹൂതികളും, ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം, ലോകം ആശങ്കയിൽ