ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

By Web TeamFirst Published Jun 5, 2021, 12:21 AM IST
Highlights

'ട്രംപിന്റെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണ്'.-ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ്  പറഞ്ഞു. 

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക്‌ 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന്  ഫേസ്ബുക്ക് വ്യക്തമാക്കി. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.  

ദേശീയ അര്‍ദ്ധവര്‍ഷ തെരഞ്ഞെടുപ്പില്‍ ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാനാകില്ലെങ്കിലും 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഉപയോഗിക്കാം. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ് തുടങ്ങിയെങ്കിലും അതും പൂട്ടി.  ''ട്രംപിന്റെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണ്.''-ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ്  പറഞ്ഞു. 

''2020ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്കിന്റെ നടപടി. നിയന്ത്രണത്തിനും നിശബ്ദമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അനുവദിക്കരുത്. ആത്യന്തികമായി ഞങ്ങള്‍ വിജയിക്കും. ഇത്തരം അപമാനപ്പെടുത്തലിന് നമ്മുടെ രാജ്യം ഒരിക്കലും അനുവദിക്കില്ല''-ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി ട്രംപ് നിയമങ്ങള്‍ ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്ന ലോക നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ട്രംപിന് ഫേസ്ബുക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!