ബാലകോട്ട് മോഡൽ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ തീവ്രവാദ ക്യാംപുകൾ അടച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Jun 10, 2019, 2:46 PM IST
Highlights

പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്


ദില്ലി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയിൽ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ഇന്ത്യ ടുഡെ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. ആഗോള ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് തീവ്രവാദക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതം തീവ്രവാദ ക്യാംപുകളുണ്ടെന്ന് ഇന്ത്യ തെളിവ് പുറത്ത് വിട്ടിരുന്നു. ഇതിന് പുറമെ ബര്‍ണലയിലെ ഒരു തീവ്രവാദ ക്യാംപിനെ കുറിച്ചും ഇന്ത്യ തെളിവ് പുറത്തുവിട്ടു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് മേൽ സമ്മര്‍ദ്ദം ഏറി. ഈ പശ്ചാത്തലത്തിലാണ് പാക് അധീന കാശ്മീരിലെ നിലവിലെ 11 ഭീകരവാദ ക്യാംപുകളുടെയും പ്രവർത്തനം നിർത്തിയിരിക്കുന്നത്.

ഇന്ത്യയിലെ സുന്ദര്‍ബാനി, രജൗരി മേഖലകൾക്ക് സമാന്തരമായി ലഷ്ക‍ ഇ തോയ്ബ സ്ഥാപിച്ച ഭീകര ക്യാംപുകളെല്ലാം അടച്ചു. ജയ്ഷെ മുഹമ്മജ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവരുടെ ക്യാംപുകളും അടച്ചുപൂട്ടിയവയിലുണ്ട്. അതേസമയം അതിര്‍ത്തിയിൽ ഇരു രാഷ്ട്രങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങൾ കുറയ്ക്കണം എന്ന് പാക്കിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!