Ukraine Crisis : 'സപ്രോഷ്യയില്‍ ആണവ വികിരണമില്ല', റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

Published : Mar 04, 2022, 11:02 AM ISTUpdated : Mar 04, 2022, 11:03 AM IST
Ukraine Crisis : 'സപ്രോഷ്യയില്‍ ആണവ വികിരണമില്ല', റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

Synopsis

Ukraine Crisis : ആണവ പ്രതികരണ സംഘത്തെ സജ്ജമാക്കി. ആണവനിലയമുള്ള എനിര്‍ഗോദറില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 

കീവ്: റഷ്യ (Russia) ആക്രമണം നടത്തിയ യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപ്രോഷ്യയില്‍  (Zaporizhzhia Nuclear Plant) തീ പൂര്‍ണ്ണമായും അണച്ചു. ആണവ വികിരണം ഇല്ലെന്ന് പ്ലാന്‍റ് ഡയറക്ടറും അമേരിക്കയും വ്യക്തമാക്കി. റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു. ആണവ പ്രതികരണ സംഘത്തെ സജ്ജമാക്കി. ആളപായമില്ലെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവനിലയമുള്ള എനിര്‍ഗോദറില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്ലോദമിര്‍ സെലന്‍സ്കിയുമായി ബന്ധപ്പെട്ട് ആണവ നിലയത്തിലെ സാഹചര്യം അന്വേഷിച്ചതായാണ് വിവരം.  

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സെലന്‍സ്കിയുമായി സംസാരിച്ചു. യുഎന്‍ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങി ഒന്‍പതാം ദിനമായ ഇന്ന് രാവിലെയാണ് ആണവനിലയമായ സപ്രോഷ്യയ്ക്ക് നേരെ റഷ്യന്‍ ആക്രമണമുണ്ടായത്. റഷ്യന്‍ സൈന്യം ആണവനിലയത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  • നീപ്പര്‍ നദി പകുതി പിടിച്ചെടുത്തു; യുക്രൈന്റെ തീര നഗരങ്ങളില്‍ ആധിപത്യം ഉറപ്പിച്ച് റഷ്യന്‍ പട

കീവ്: യുക്രൈന്റെ തീരനഗരങ്ങളില്‍ ആധിപത്യമുറപ്പിച്ച് റഷ്യന്‍ സൈന്യം. യുക്രൈനിലെ പ്രധാന നദികളിലൊന്നായ നീപ്പര്‍ നദിയുടെ കിഴക്കന്‍ പകുതി പൂര്‍ണമായി പിടിച്ച് യുക്രൈനെ തന്നെ പിളര്‍ക്കാന്‍ നീങ്ങുകയാണ് റഷ്യ. അതിര്‍ത്തി തുറമുഖങ്ങള്‍ പിടിച്ച് യുക്രൈന്‍റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിര്‍ത്തികള്‍ അടച്ച് കൈക്കലാക്കലും കൂടി ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം. റൊമാനിയന്‍ തീരം വരെയുള്ള സമുദ്രാതിര്‍ത്തി പിടിച്ച് നാവികശക്തി കൂട്ടല്‍ റഷ്യയുടെ കാലങ്ങളായുള്ള സ്വപ്നമാണ്. നീപ്പര്‍ നദിയുടെ തീരനഗരങ്ങള്‍ തന്ത്രപ്രധാന മേഖലയാണ്. 

നീപര്‍ നദിയുടെ ഡെല്‍ട്ടയിലാണ് തലസ്ഥാനമായ കീവിലേക്കുള്ള പാതയിലെ പ്രധാന തുറമുഖമായ കേഴ്‌സന്‍. അത് റഷ്യ പിടിച്ചു കഴിഞ്ഞു. നീപ്പര്‍ നദിയുടെ ഡെല്‍റ്റ മേഖല യുക്രൈന്‍റെ ഭക്ഷ്യ അറയാണ്. കടല്‍ക്കരയില്‍ യുക്രൈനിലേക്കുള്ള ഗേറ്റ് വേയായ ക്രൈമിയ നേരത്തെ റഷ്യ പിടിച്ചടക്കിയതാണ്. ഇനി തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാല്‍ അതുവഴി മള്‍ഡോവ വരെ നീളുന്ന കരിങ്കടല്‍ അതിര്‍ത്തി മേഖല റഷ്യയുടെ കൈയിലാകും. ഒഡേസയില്‍ റഷ്യ ആക്രമണം തുടങ്ങിക്കഴിഞ്ഞു. തുറമുഖ പ്രാധാന്യമുള്ള മരിയുപോള്‍, മെലിറ്റോപോള്‍, ബെര്‍ഡിയാന്‍സ്‌ക് ഒക്കെ വീഴുന്നതോടെ റഷ്യയ്ക്ക് തെക്ക് വേറെ തടസ്സങ്ങളില്ല. ഡോണ്‍ബാസ് മേഖലയില്‍ നിന്ന് ഏറ്റവുമടുത്ത വന്‍ തീര നഗരമായ സപ്രോഷ്യ കൂടിയായാല്‍ റഷ്യന്‍ അനുകൂലികള്‍ നിറഞ്ഞ ഡോണ്‍ബാസില്‍ നിന്ന് നീപ്പറിലേക്ക് വഴി തുറന്നു. 

യുക്രൈന്റെ കരിങ്കടല്‍, അസോവ കടല്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നത്. ഒഡേസ കൂടി വീണാല്‍ കരിങ്കടല്‍ യുക്രൈന് മുന്നില്‍ അടഞ്ഞ് കടല്‍ത്തീരമില്ലാത്ത രാജ്യമാകും യുക്രൈന്‍. യുക്രൈന്‍ മാത്രമല്ല, നാറ്റോയ്ക്കും ചിന്തിക്കാവുന്നതിനപ്പുരമാണ് റൊമാനിയന്‍ തീരം വരെ കരിങ്കടലിലും അസോവിലും റഷ്യന്‍ ആധിപത്യം. ഇത് മുന്‍കൂട്ടിക്കണ്ട് കരിങ്കടലില്‍ റഷ്യന്‍ പടക്കപ്പലുകള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് തുര്‍ക്കിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെടിയുതിർക്കുന്ന അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി, ഓസ്ട്രേലിയയുടെ ഹീറോയായി അഹമ്മദ് അൽ അഹമ്മദ്, പ്രശംസിച്ച് ലോകം
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ