ആമസോണ്‍ കാട്ടുതീ: അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നമാകുന്നു; തീ അണയ്ക്കാന്‍ സൈന്യം ഇറങ്ങുന്നു

By Web TeamFirst Published Aug 24, 2019, 11:34 AM IST
Highlights

നമ്മുടെ വീട്‌ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ മാക്രോൺ ട്വീറ്റ്‌ ചെയ്‌തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ബ്രസീലിയ: ആമസോൺ കാടുകളിലെ തീ അണയ്ക്കാൻ പട്ടാളത്തെ അയക്കുമെന്ന് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസൊനാരോ. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് പ്രഖ്യാപനം. തീ അണയ്ക്കൻ യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയയിൽ എത്തിയിട്ടുണ്ട്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് എത്തിയത്. ബ്രസീൽ , പാരാഗ്വെ അതിർത്തിയിൽ 360 കിലോ മീറ്റർ കാട് കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

അതേ സമയം വിഷയം അന്താരാഷ്ട്ര രാഷ്ട്രീയ വിഷയമായി മാറുകയാണ്. കാലാവസ്ഥാ വ്യത സംബന്ധിച്ച നിലപാടുകളെക്കുറിച്ച്‌ ബ്രസീൽ പ്രസിഡന്‍റ് ജയ്‌ർ ബോൾസനാരോ തന്നോട്‌ കള്ളം പറഞ്ഞതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആമസോൺ മഴക്കാടുകളിൽ പടരുന്ന കാട്ടുതീ അന്താരാഷ്‌ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്‌ചത്തെ ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്നും ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. 

നമ്മുടെ വീട്‌ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ മാക്രോൺ ട്വീറ്റ്‌ ചെയ്‌തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ബോൾസനാരോയുടെ നയങ്ങളാണ്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. അതേസമയം, ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്ന ഫ്രഞ്ച്‌ പ്രസിഡന്റിന്റെ ആവശ്യം രാഷ്‌ട്രീയനേട്ടത്തിനായുള്ള ഇടപെടലാണെന്ന്‌ ബോൾസനാരോ പറഞ്ഞു. പത്തുലക്ഷം ഗോത്രജനവിഭാഗം അധിവസിക്കുന്ന മേഖല മൂന്ന്‌ ലക്ഷം ഇനം സസ്യമൃഗാദികളുടെയും ആവാസകേന്ദ്രമാണ്‌.

click me!