
വാഷിങ്ടൺ: എച്ച് 1 ബി വിസ ഫീസ് വർധിപ്പിച്ച തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് ട്രംപ് ഭരണകൂടം രംഗത്ത്. 2025 ൽ ഒരു പ്രമുഖ കമ്പനിക്ക് അനുവദിച്ച എച്ച് 1 ബി വിസ യുടെ കണക്കടക്കം പുറത്തുവിട്ടുകൊണ്ടാണ് വൈറ്റ് ഹൗസിന്‍റെ ന്യായീകരണം. ഈ കമ്പനിക്ക് 5189 എച്ച് 1ബി വിസകൾ അനുവദിച്ചെന്നും ഇതിന് പിന്നാലെ കമ്പനി 16000 യു എസ് പൗരന്മാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. മറ്റൊരു കമ്പനിക്ക് 1698 വിസകൾ നൽകിയപ്പോൾ 2400 യു എസ് പൗരന്മാരെ പിരിച്ചുവിട്ടതായും വൈറ്റ് ഹൗസ് വിശദീകരിച്ചു. 2022 മുതൽ 25075 വിസകൾ ലഭിച്ച ഒരു കമ്പനി ഇതുവരെ 27000 ജീവനക്കാരെ പിരിച്ചുവിട്ടതായും ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. ഐ ടി മേഖലയിൽ എച്ച് 1ബി വിസ ഉപയോഗിച്ച് എത്തുന്നവരുടെ എണ്ണം 2003 നെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. 2003 ൽ ഐ ടി ജീവനക്കാരിൽ 32 ശതമാനം മാത്രമാണ് എച്ച് 1ബി വിസയിലൂടെ എത്തിയിരുന്നതെങ്കിൽ, ഈയടുത്ത വർഷങ്ങളിൽ ഇത് 62 ശതമാനമായി ഉയർന്നെന്നും വൈറ്റ് ഹൗസ് വിവരിച്ചു.
അതേസമയം കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കിടയിൽ യു എസിൽ തൊഴിലില്ലായ്മ 6.1 ശതമാനമായി വർധിച്ചതായും വൈറ്റ് ഹൗസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബയോളജി, ആർട്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നവരെ അപേക്ഷിച്ച് കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ കൂടുതലാണെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. എച്ച് 1ബി വിസ പദ്ധതിയിലൂടെ വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് തദ്ദേശീയ ജോലിക്കാർക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിസ ഫീസ് വർധനയിലൂടെ സർക്കാർ നയങ്ങൾ കർശനമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
അതിനിടെ എച്ച് 1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും അവർ ട്വീറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച് 1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കിയ അവർ, നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എച്ച് 1ബി വിസകൾ പുതുതായി നൽകുന്നത് നിയന്ത്രിക്കുന്നതാണ് തീരുമാനമെന്ന് ഇതിലൂടെ വ്യക്തമായി.