
വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി സംഘടിപ്പിച്ച സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയും പങ്കെടുത്തു. വാഷിങ്ടൺ ഡിസിയിൽ ജനുവരി 20-ന് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും നിതയും മുകേഷ് അംബാനിയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായ അംബാനിക്ക് ട്രംപിന്റെ കാബിനറ്റ് നോമിനികൾക്കും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രമുഖ അതിഥികൾക്കൊപ്പം ഇരിപ്പിടം ലഭിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന, എം3എം ഡെവലപ്പേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസാൽ, ട്രൈബെക്ക ഡെവലപ്പേഴ്‌സിന്റെ സ്ഥാപകൻ കൽപേഷ് മേത്ത എന്നിവരടക്കമുള്ള മറ്റ് ഇന്ത്യൻ സംരംഭകർക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ട്രംപ് ടവേഴ്‌സിന്റെ ലൈസൻസുള്ള ഇന്ത്യൻ പാര്‍ട്ണറാണ് കൽപേഷ് മേത്ത. ട്രംപ് ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയിൽ ട്രംപ് ടവറുകൾ വികസിപ്പിക്കുന്നതിൽ പങ്കജ് ബൻസലിന്റെ എം3എം ഡെവലപ്പേഴ്‌സും ഒരു പ്രധാന പങ്കാളിയാണ്. മുകേഷിന്റെയും നിത അംബാനിയുടെയും അരികിൽ പോസ് ചെയ്യുന്ന ഫോട്ടോ മേത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. "നിയുക്ത പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾക്കിടെ നിതയ്ക്കും മുകേഷ് അംബാനിക്കുമൊപ്പം രസകരമായ രാത്രി" എന്നും അദ്ദേഹം കുറിച്ചു.
ഇവര്‍ക്ക് പുറമെ ആമസോൺ മേധാവി ജെഫ് ബെസോസ് ഉൾപ്പെടെയുള്ള ആഗോള വ്യവസായ പ്രമുഖരും അത്താഴവിരുന്നിൽ പങ്കെടുത്തു. നാളെയാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. 1985ന് ശേഷം ഇതാദ്യമായി കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണിൽ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.
ട്രംപ് 2.0; ഡോണൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും, ആകാംക്ഷയോടെ ലോകം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam