
ബ്യൂണസ് ഐറിസ്: പരിശീലനപ്പറക്കലിനിടെ വിദ്യാർത്ഥിയെ വിമാനത്തിൽ തനിച്ചാക്കി പൈലറ്റ് താഴേക്ക് ചാടി ജീവനൊടുക്കി. വിമാനം പറക്കുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സീറ്റ് ബെൽറ്റും ഹെഡ്‌സെറ്റും ഊരിമാറ്റി വാതിൽ തുറന്ന് പൈലറ്റ് താഴേക്ക് ചാടുകയായിരുന്നു. അർജന്‍റീനയിലാണ് സംഭവം ഉണ്ടായത്. വിമാനം പറത്താൻ പഠിക്കുകയായിരുന്ന 22 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ തനിച്ചാക്കിയാണ് 42-കാരനായ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ആത്മഹത്യ ചെയ്തത്. മധ്യ അർജന്‍റീനയിലെ ടോളിഡോയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളെപ്പോലും ഞെട്ടിച്ച ഈ വിചിത്ര സംഭവം ഉണ്ടായത്.
ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ (42) എന്ന പരിചയസമ്പന്നനായ ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. 'സെസ്ന 150' എന്ന ചെറുവിമാനത്തിൽ റൊസാരിയോ എന്ന 22-കാരിയായ വിദ്യാർത്ഥിനിയുമായി പരിശീലന പറക്കൽ നടത്തുന്നതിനിടയിലായിരുന്നു സംഭവം. വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് ബെർട്ടാസോ തന്‍റെ ഹെഡ്‌സെറ്റും സീറ്റ് ബെൽറ്റും അഴിച്ചുമാറ്റി. തുടർന്ന് റൊസാരിയോയോട് 'നിനക്ക് ഇനി എന്താണ് ചെയ്യേണ്ടതെന്ന് നന്നായി അറിയാം, മുന്നോട്ട് പോവുക' എന്ന് ശാന്തമായി പറഞ്ഞു. തൊട്ടടുത്ത നിമിഷം വിമാനത്തിന്‍റെ വാതിൽ ബലമായി തുറന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പറക്കുന്ന വിമാനത്തിന്‍റെ വാതിൽ വായുസമ്മർദ്ദം കാരണം തുറക്കുക എന്നത് അതീവ ദുഷ്കരമാണ്. എന്നാൽ സർവ്വശക്തിയുമെടുത്ത് വാതിൽ തുറന്നാണ് പൈലറ്റ് മരണത്തിലേക്ക് ചാടിയത്. കൺമുന്നിൽ തന്‍റെ പരിശീലകൻ ചാടിമരിച്ചതിന്‍റെ കടുത്ത മാനസികാഘാതത്തിലും 22-കാരിയായ റൊസാരിയോ പതറാതെ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഒറ്റയ്ക്ക് വിമാനം നിയന്ത്രിച്ച പെൺകുട്ടി അത് സുരക്ഷിതമായി റൺവേയിൽ ഇറക്കുകയായിരുന്നു. വിമാനത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് ഫ്ലൈയിംഗ് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ബെർട്ടാസോയ്ക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അന്ന് രാവിലെയും അദ്ദേഹം മറ്റൊരു വിദ്യാർത്ഥിയുമായി വിജയകരമായി പറക്കൽ നടത്തിയിരുന്നതായും ഫ്ലൈയിംഗ് സ്കൂൾ ഡയറക്ടർ എഡ്വേർഡോ അൽവാരസ് പറഞ്ഞു. എപ്പോഴും പുഞ്ചിരിയോടെ ഇരിക്കുന്ന അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനയിലും ചിലിയിലുമായി വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സീനിയർ പൈലറ്റാണ് ബെർട്ടാസോ. സംഭവത്തിൽ അർജന്റീന പബ്ലിക് പ്രോസിക്യൂട്ടർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam