
ഫ്ലോറിഡ: ട്രാന്‍സ്ജെന്‍ഡര്‍ ഇന്‍ഫ്ലുവന്‍സറായ നടിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച ബിയര്‍ ബഹിഷ്കരിച്ച് പ്രമുഖ ഭക്ഷണശാല. ബൈബിളിലെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ബിയര്‍ കമ്പനി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ബഹിഷ്കരണം. ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറായ ഡിലന്‍ മുള്‍വാനിയുമായി അടുത്തിടെയാണ് പ്രമുഖ ബിയര്‍ കമ്പനിയായ ബഡ് ലൈറ്റ് പങ്കാളിത്തം പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെയാണ് ഫ്ലോറിഡയിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ ഗ്രില്‍സ് മെനുവില്‍ നിന്ന് ബഡ് ലൈറ്റ് ബിയര്‍ ഒഴിവാക്കിയത്. രണ്ട് ദശാബ്ദത്തോളമായി നീണ്ട ബന്ധമാണ് ഗ്രില്‍സ് ഒഴിവാക്കിയത്. ഇനിമുതല്‍ പ്രമുഖ ബിയര്‍ ബ്രാന്‍ഡ് ആയ ബഡ് ലൈറ്റ് മെനുവില്‍ ഉണ്ടാവുകയില്ലെന്ന് ഗ്രില്‍സ് ഉടമ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കി.
ബൈബിള്‍ വിശ്വാസത്തെ നേരിട്ട് എതിര്‍ക്കുന്നതാണ് ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറുടെ കാഴ്ചപ്പാടുകളെന്നും ബിയര്‍ കമ്പനി ഈ ആശയങ്ങളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഭക്ഷണ ശാല ഉടമ വിശദമാക്കുന്നു. പ്രമുഖ ബ്രാന്‍ഡിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചതെന്നും ഉടമ വിശദമാക്കുന്നു. സാമ്പത്തിക ലാഭത്തേക്കാളും മുന്‍ഗണന നല്‍കുന്നത് ആത്മീയതയ്ക്കാണെന്ന് വിശദമാക്കിയാണ് തീരുമാനം. ബിയര്‍ കമ്പനിക്ക് ഇത് വ്യക്തമാക്കി കത്തും നല്‍കിയിട്ടുണ്ട്.
ട്രാന്‍സ് വിരുദ്ധ മനോഭാവമുള്ളവരില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഡിലനുമായുള്ള പങ്കാളിത്തത്തിന് പിന്നാലെ ബഡ് ലൈറ്റ് നേരിടുന്നത്. ബിയറുകളില്‍ ഡിലന്‍റെ ചിത്രത്തോട് കൂടിയുള്ളവയായിരുന്നു ബഡ് ലൈറ്റിന്‍റെ പുതിയ ക്യാന്‍ ബിയറുകള്‍. നിരവധി ആളുകള്‍ ഈ ബിയര്‍ ക്യാന്‍ നശിപ്പിക്കുന്നതിന്‍റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.