ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ, സ്ഥിരീകരിച്ച് യുഎഇ അന്വേഷണം; 'വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം പ്രചോദനമായി'

Published : Oct 09, 2026, 10:13 PM IST
Flydubai

Synopsis

ഫ്ലൈദുബായ് വിമാനം റാഞ്ചി ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ സഹപൈലറ്റ് ശ്രമിച്ചതായി യുഎഇ അന്വേഷണത്തിൽ സ്ഥിരീകരണം. വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒമാൻ സ്വദേശിയായ പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ചത്

അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അൽ ഹമാമിക്കെതിരായ യു എ ഇയുടെ അന്വേഷണത്തിന്‍റെ വിവരങ്ങൾ പുറത്ത്. ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതാണ് യു എ ഇയുടെ അന്വേഷണവും. വിമാനത്തിലുള്ള യാത്രക്കാരടക്കം ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബെൻ ഗുറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒമാൻ സ്വദേശിയായ സഹ പൈലറ്റിന് 29 വയസാണുള്ളത്. 2017 ഓസ്ട്രേലിയൻ പഠനകാലം മുതൽ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാണ് ഇയാളെന്നും യു എ ഇയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വേൾഡ് ട്രേഡ് സെന്‍റർ അക്രമണവും പ്രചോദനമായെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ പുറമെ നിന്ന് ആരുടെയും സഹായം ആക്രമിക്ക് ലഭിച്ചിട്ടില്ല എന്നും മൊഴിയിലുണ്ട്. ആക്രമിയെ കീഴ്പ്പെടുത്തിയത് യാത്രക്കാരും ജീവനക്കാരും ചേർന്നാണെന്നും അന്വേഷണ റിപ്പോ‍ർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സൂചന പോലും ഇല്ലാത്ത ആക്രമണം

2020 മുതൽ 2024 വരെ ഹമാമി ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു. ബോക്സിങ്ങിലടക്കം പരിശീലനം നേടിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ ടെൽ അവീവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തയാളാണ് പ്രതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. തീവ്രവാദ സ്വാധീനത്തിന്റെ സൂചനകൾ പോലുമില്ലാതെ, എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്ലൈദുബായിയിൽ ഇയാൾക്ക് ജോലി ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മച്ഛാറിനെ ആക്രമിച്ച് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതിന് സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്. പൈലറ്റിനെ ആക്രമിച്ചപ്പോൾ കോക്ക്പിറ്റ് വാതിൽ തുറന്നത് മടക്ക യാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്നും റിപ്പോർട്ട് ചൂണ്ടികാട്ടി. കോഡ് ഉപയോഗിച്ചാണ് വാതിൽ തുറന്നത്. ആക്രമണത്തിൽ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നും പ്രതിയുടെ മൊഴി വ്യക്തമാക്കുന്നു. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയിൽ ഇറക്കിയതും വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങളും നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നൽകിയ മൊഴിയായാണ് ഇവ പുറത്തു വന്നത്. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയിൽ ടെൽ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മുൻപും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം യു എ ഇ അന്വേഷണ റിപ്പോ‍ർട്ടിലുണ്ടോ എന്നത് വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നൊബേലിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തി, സ്വയം നാണംകെട്ടു'; നവി പിള്ളയ്ക്ക് സമാധാന നൊബേൽ പുരസ്കാരം നൽകിയതിനെതിരായ പോസ്റ്റ് പങ്കുവെച്ച് ട്രംപ്
സമാധാന നൊബേൽ നവനീതം പിള്ളയ്ക്ക് നൽകിയതിൽ ഇസ്രയേൽ വിമർശനം, പുരസ്‌കാരത്തിന്റെ ധാർമികത നഷ്ടപ്പെട്ടെന്ന് നെതന്യാഹു