ശ്രീലങ്കന്‍ സ്‌ഫോടനം; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനവും ആക്രമിക്കപ്പെടുമെന്ന്‌ സൂചനയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്‌

By Web TeamFirst Published Apr 21, 2019, 8:59 PM IST
Highlights

ഒരു വിദേശ ഇന്റലിജന്‍സ്‌ ഏജന്‍സി പത്ത്‌ ദിവസങ്ങള്‍ക്ക്‌ മുമ്പേ ശ്രീലങ്കന്‍ പോലീസ്‌ ചീഫ്‌ പുജുത്‌ ജയസുന്ദരയ്‌ക്ക്‌ സ്‌ഫോടനം സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‌കിയിരുന്നതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കൊളംബോ: ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പരകള്‍ക്ക്‌ ഭീകരര്‍ ലക്ഷ്യമിടുന്നെന്ന്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പേ വിവരം ലഭിച്ചിരുന്നെന്ന്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിന്‌ നേരെയും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ സൂചന ലഭിച്ചിരുന്നതായാണ്‌ എഎഫ്‌പി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ഒരു വിദേശ ഇന്റലിജന്‍സ്‌ ഏജന്‍സി പത്ത്‌ ദിവസങ്ങള്‍ക്ക്‌ മുമ്പേ ശ്രീലങ്കന്‍ പോലീസ്‌ ചീഫ്‌ പുജുത്‌ ജയസുന്ദരയ്‌ക്ക്‌ സ്‌ഫോടനം സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‌കിയിരുന്നതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. നാഷണല്‍ തൗഹീത്ത്‌ ജമാഅത്ത്‌ എന്ന ഭീകരസംഘടന ക്രിസ്‌ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ചും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‌ നേരെയും ചാവേര്‍ ആക്രമണത്തിന്‌ പദ്ധതിയിട്ടിട്ടുണ്ട്‌ എന്നായിരുന്നു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. പോലീസ്‌ ചീഫ്‌ ഇതു സംബന്ധിച്ച അറിയിപ്പ്‌ ഉന്നതപോലീസുദ്യോസ്ഥര്‍ക്ക്‌ നല്‌കിയിരുന്നെന്നും എഎഫ്‌പി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ശ്രീലങ്കയില്‍ ബുദ്ധപ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയാണ്‌ നാഷണല്‍ തൗഹീത്ത്‌ ജമാഅത്ത്‌.

click me!