
റ്റ്ബിലിസി: ജോർജ്ജിയയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ മുൻതാരം. യൂറോപ്യൻ യൂണിയൻ അനുകൂല പ്രതിഷേധങ്ങൾ രാജ്യത്തെ നഗരങ്ങളിൽ ശക്തമാകുന്നതിനിടയിലാണ് ഇത്. 53കാരനായ മിഖേൽ കവേലഷ്വിലിയാണ് പ്രസിഡന്റ് പദവിയിലേക്ക് ശനിയാഴ്ച നിയമിതനാവുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോർജിയൻ ഡ്രീം പാർട്ടിയുടെ മുൻ എംപിയായ മിഖേൽ കവേലഷ്വിലി 2016ലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 16 ദിവസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി.
അതേസമയം ജോർജ്ജിയയിലെ നാല് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് പാർലമെന്റ് ബഹിഷ്കരിച്ചിരിക്കുകയാണ്. നിലവിൽ പുറത്തേക്ക് പോവുന്ന നിലവിലെ പ്രസിഡന്റ് സലോമി സോറബിച്വിലിയും രൂക്ഷമായ ആരോപണമാണ് മുൻ മാഞ്ചെസ്റ്റർ സിറ്റി താരത്തിനെതിരായി ഉയർത്തിയിട്ടുള്ളത്. ഡിസംബർ 29നാണ് സലോമി സോറബിച്വിലിയുടെ ഓഫീസ് കാലാവധി അവസാനിക്കുന്നത്. എന്നാൽ സലോമി സോറബിച്വിലിക്ക് അനുകൂലമായ നിലപാടല്ല പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്സെയ്ക്കുള്ളത്. ശക്തമായ ഭരണ സംവിധാനങ്ങളാണ് തങ്ങൾക്കുള്ളതെന്നും നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നാണ് വെള്ളിയാഴ്ട ഇറാക്ലി കൊബാഖിഡ്സെ വിശദമാക്കിയത്.
ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ജോർജ്ജിയൻ ഡ്രീം പാർട്ടിക്കെതിരായ പ്രതിഷേധം രാജ്യത്തുണ്ടായിരുന്നുവെങ്കിലും തെരുവുകളിൽ പ്രതിഷേധം ശക്തമായത് നവംബർ 28ഓടെയാണ്. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ചർച്ചകൾ 2028 വരെ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം വന്നതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലേക്ക് എത്തിയത്. അതേസമയം പാശ്ചാത്യ ശക്തികൾക്ക് അനുകൂലമായ പ്രതിപക്ഷം രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് ജോർജ്ജിയൻ ഡ്രീം പാർട്ടി ആരോപിക്കുന്നത്.
ജനങ്ങളുടെ പ്രതിഷേധവും യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പും പാഴായി, വിദേശ ഏജന്റ് ബിൽ പാസാക്കി ജോർജിയ
എല്ലാ ദിവസവും രാത്രിയിലും പാർലമെന്റ് കെട്ടിടത്തിന് മുന്നിലെ തെരുവുകളിലേക്ക് തടിച്ച് കൂടുന്നത് ആയിരങ്ങളാണ്. പീപ്പിൾ പവർ പാർട്ടിയുടെ സ്ഥാപകനും പാശ്ചാത്യ വിരുദ്ധ പ്രചാരണത്തിനും മുന്നിലുള്ള നേതാവാണ് മുൻ മാഞ്ചെസ്റ്റർ താരമായ മിഖേൽ കവേലഷ്വിലി. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ ജോർജ്ജിയയിൽ അറസ്റ്റിലായത് 460ലേറെ ആളുകളാണ്. അമേരിക്ക ഇതിനോടകം തന്നെ ജോർജ്ജിയയിലേക്കുള്ള വിസ നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 26ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജോർജ്ജിയൻ ഡ്രീം പാർട്ടിയുടെ വിജയം വൻ വിവാദമായിരുന്നു. റഷ്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോർജ്ജിയൻ ഡ്രീം പാർട്ടിക്കുള്ളത്. ഇക്കാരണത്താൽ തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ജോർജ്ജിയൻ ഡ്രീം പാർട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam