
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫ്രാൻസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക്, 'ലൂവ്ര് മോഷണത്തിലെ ഡിറ്റക്ടീവിൻ്റെ' വൈറലായ ചിത്രം പങ്കുവച്ച് മറുപടി നൽകി ഫ്രാൻസ് എംബസി. ട്രംപിൻ്റെ വാക്കുകൾ പരിഹസിച്ചുകൊണ്ട്, 'ഞങ്ങൾക്ക് ചൈനക്കാരേക്കാൾ മികച്ച ചാരന്മാർ ഉണ്ട്' എന്ന അടിക്കുറിപ്പോടെ എംബസി ചിത്രം പങ്കുവെക്കുകയായിരുന്നു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അമേരിക്കൻ സർവകലാശാലകളിലെ ചൈനീസ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തെ ട്രംപ് ന്യായീകരിച്ചു. എന്നാൽ, ചൈനീസ് പൗരന്മാർ 'നമ്മളെ ചാരവൃത്തി നടത്തുകയും നമ്മുടെ ബൗദ്ധിക സ്വത്ത് മോഷ്ടിക്കുകയും ചെയ്യുന്നു' എന്ന് ഹോസ്റ്റായ ലോറ ഇംഗ്രഹാം പറഞ്ഞപ്പോൾ, ട്രംപിൻ്റെ മറുപടി ഇങ്ങനെയായിരുന്നു, 'ഫ്രഞ്ചുകാരാണ് ഇതിലും നല്ലതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഇതിന് 'അതെ' എന്ന് ഇംഗ്രഹാം മറുപടി നൽകി. ട്രംപ് പക്ഷെ അത് അംഗീകരിച്ചില്ല.'എനിക്ക് അത്ര ഉറപ്പില്ല. ഫ്രഞ്ചുകാരുമായി ഞങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ ഭാഗം മാധ്യമ പ്രവർത്തകനായ കെയ്റ്റ്‌ലൻ കോളിൻസ് 'എക്സി'ൽ പങ്കുവെച്ചതോടെയാണ് വൈറലായത്.
'ഞങ്ങൾക്ക് ചൈനയേക്കാൾ മികച്ച ചാരന്മാർ ഉണ്ട്, എന്ന് കുറിച്ചുകൊണ്ട് ഫ്രഞ്ച് എംബസി തങ്ങളുടെ ഔദ്യോഗിക പേജിൽ ലൂവ്ര് മോഷണത്തിൻ്റെ പശ്ചാത്തലത്തിൽ വാർത്തകളിൽ നിറഞ്ഞ ഒരു ചിത്രം പങ്കുവെച്ചു. ത്രീ പീസ് സ്യൂട്ടും സ്വർണ്ണ ഗോൾഡൻ വയ്സ്റ്റ് കോട്ടും ഫെഡോറ തൊപ്പിയും ധരിച്ച്, കുട വടിയായി ഉപയോഗിച്ച് നിൽക്കുന്ന ചിത്രമയിരുന്നു അത്. ഇദ്ദേഹം ഡിറ്റക്ടീവോ അല്ലെങ്കിൽ വേഷം മാറിയ ചാരനോ ആണെന്നായിരുന്നു അന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.
ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് വിലയേറിയ കിരീടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ എടുത്ത ചിത്രമാണിത്. യഥാർത്ഥത്തിൽ, ഈ ചിത്രം പകർത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ തിബോൾട്ട് കാമുസിൻ്റെ അഭിപ്രായത്തിൽ, ഈ വ്യക്തി വെറുമൊരു വഴിയാത്രക്കാരൻ മാത്രമായിരുന്നു. 'അദ്ദേഹം എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, ഞാൻ ഫോട്ടോ എടുത്തു', എന്നായിരുന്നു കാമുസ് പറഞ്ഞത്. ഈ വ്യക്തിക്ക് അന്വേഷണവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നും, ഫ്രെയിമിൽ വന്ന ഉടൻ തന്നെ അവിടം വിട്ട് പോവുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷ്ടാക്കൾ ഏഴ് മിനിറ്റിനുള്ളിൽ മ്യൂസിയത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ ശേഷമായിരുന്നു ചിത്രം പകർത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam