1600 കി.മീ അകലെയുള്ള ലക്ഷ്യം തകർക്കുന്ന ടോമോഹോക്ക് മുതൽ സൂയിസൈഡ് ഡ്രോണുകൾ വരെ; ഇറാനെതിരെ യുഎസും ഇസ്രായേലും പുറത്തെടുത്ത ആയുധങ്ങൾ

Published : Mar 01, 2026, 10:44 AM IST
Iran - Israel war

Synopsis

ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. 

ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇസ്രായേലുമായി ചേർന്ന് അമേരിക്ക നടത്തിയ ഏകോപിത ആക്രമണമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ഇറാനിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. മിസൈലുകൾ, യുദ്ധവിമാനങ്ങൾ, സൂയിസൈഡ് ഡ്രോണുകൾ എന്നിവയുടെ സംയുക്ത ഉപയോഗത്തിലൂടെ ഇറാന്റെ സുപ്രധാന സൈനിക പദ്ധതികളെയാണ് അമേരിക്കയും ഇസ്രായേലും ലക്ഷ്യമിട്ടത്. നിലവിൽ തിരിച്ചടിയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മേഖലയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളെ സംരക്ഷിക്കാൻ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ശനിയാഴ്ച ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, കൂടാതെ ഇറാനിയൻ മാതൃകയിൽ തന്നെ നിർമ്മിച്ച ചെലവ് കുറഞ്ഞ 'വൺ-വേ അറ്റാക്ക് ഡ്രോണുകൾ' എന്നിവയുൾപ്പെടെയുള്ള വിപുലമായ സൈനിക സന്നാഹങ്ങളാണ് അമേരിക്ക പുറത്തെടുത്തത്. ആദ്യമായാണ് ഇത്തരം ഡ്രോണുകൾ യുദ്ധത്തിൽ ഉപയോഗിക്കുന്നത്.  ‘ചരിത്രത്തിലെ ഏറ്റവും മാരകവും സങ്കീർണ്ണവും കൃത്യതയാർന്നതുമായ വ്യോമാക്രമണം’ എന്നാണ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.

യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ചിത്രങ്ങളിൽ ടോമാഹോക്ക് മിസൈലുകൾ, F/A-18, F-35 യുദ്ധവിമാനങ്ങൾ എന്നിവ കാണാം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച് അമേരിക്കൻ യുദ്ധക്കപ്പലുകളിൽ നിന്ന് ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ട്. കരസേന ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം ഉപയോഗിച്ച് റോക്കറ്റുകളും തൊടുത്തെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് എത്തിപ്പിടിക്കാനാകാത്ത ദൂരത്തുനിന്ന് ലക്ഷ്യസ്ഥാനങ്ങളിൽ പ്രഹരിക്കാൻ ശേഷിയുള്ള ഡ്രോണുകളും മറ്റ് 'സ്റ്റാൻഡ്-ഓഫ്' ആയുധങ്ങളും അമേരിക്കൻ സൈന്യം ഇറാനെതിരെ ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. 

ഡ്രോണുകൾ

ഇറാനെതിരായ ആക്രമണത്തിൽ സൂയിസൈഡ് ഡ്രോണുകൾ ഉപയോഗിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അരിസോണയിലെ ഫീനിക്സ് ആസ്ഥാനമായുള്ള സ്പെക്ടർവർക്സ് കമ്പനി നിർമ്മിച്ച പുതിയ ലൂക്കാസ് സിസ്റ്റത്തിന് സമാനമാണിത്. പെന്റഗൺ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ ചരിത്രത്തിൽ ആദ്യമായി 'വൺ-വേ അറ്റാക്ക് ഡ്രോണുകൾ' സൈന്യം ഉപയോഗിച്ചതായി പെന്റഗൺ അറിയിച്ചു. ഈ ഡ്രോണുകൾ താരതമ്യേന വിലകുറഞ്ഞതും വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതുമാണെന്നതുമാണ് സവിശേഷത. ഓരോ ഡ്രോണിനും ഏകദേശം 35,000 ഡോളറാണ് വില. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം ചെലവ് കുറഞ്ഞ ആയുധങ്ങൾ വൻതോതിൽ ഉപയോഗിക്കുക എന്ന തന്ത്രം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ചതോടെ ആധുനിക യുദ്ധമുറകളിൽ ഡ്രോണുകളുടെ പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്.

ടോമാഹോക്ക്

കപ്പലുകളിൽ നിന്നോ അന്തർവാഹിനികളിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര ക്രൂയിസ് മിസൈലാണ് ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈൽ. കരയിൽ നിന്നോ കടലിൽ നിന്നോ ഇവ വിക്ഷേപിക്കാം. കനത്ത സുരക്ഷയുള്ള വ്യോമപരിധിയിൽ പോലും ഏകദേശം 1000 മൈൽ (1600 കിലോമീറ്റർ) അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകർക്കാൻ ഇവയ്ക്ക് കഴിയും. ഏകദേശം 20 അടി നീളവും 8.5 അടി ചിറകളവുമുള്ള ഈ മിസൈലിന് 3330 പൗണ്ട് ഭാരമുണ്ട്.

യുദ്ധവിമാനങ്ങൾ

ഇറാനിലെ ആക്രമണങ്ങളിൽ F/A-18, F-35 യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. റഡാറുകളെ മറികടക്കാൻ ശേഷിയുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് F-35. മിഡിൽ ഈസ്റ്റിൽ യുഎസ് ഇത് വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. 

ഒന്നിലധികം ദൗത്യങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബോയിംഗ് നിർമ്മിച്ച F/A-18. ഇതിന് ബോംബുകളും മിസൈലുകളും ഒരുപോലെ വഹിക്കാൻ കഴിയും. ശത്രുവിന്റെ റഡാർ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക മിസൈലുകൾ വഹിക്കാൻ F-35 വിമാനങ്ങൾക്ക് സാധിക്കും. ഇസ്രായേൽ വ്യോമസേനയും ഈ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മറ്റൊരു റൗണ്ട് ആക്രമണത്തിന് കൂടി സാധ്യതയുണ്ടെന്ന് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതോടെ അമേരിക്ക മിഡിൽ ഈസ്റ്റിലും കിഴക്കൻ മെഡിറ്ററേനിയനിലും സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളും യുഎസ് അണിനിരത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിൽ ഖമേനിക്ക് പകരം ആര് അധികാരം ഏറ്റെടുക്കും? ഖമേനിയിയുടെ രണ്ടാമത്തെ മകൻ മുജ്തബ പിൻഗാമിയാകുമെന്ന് റിപ്പോര്‍ട്ട്
ദിവസങ്ങളായി നിരീക്ഷണത്തിൽ, എല്ലാം ഉറപ്പിച്ച ശേഷം ഒന്നിന് പിറകെ മറ്റൊന്ന്, തുടർച്ചയായി 30 ബോംബുകൾ, ഖമനേയിയെ വധിച്ചത് ഇങ്ങനെ...