
ടെഹ്റാൻ: അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് ഇറാൻ. നിലവിലെ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ ഭാര്യയും ഈ ചടങ്ങുകളിൽ സംസ്കരിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം സുരക്ഷാ കാരണങ്ങളാൽ ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി ഈ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പൊതുജനങ്ങൾക്കായി തുറന്ന പൊതുദർശന ചടങ്ങിൽ തടിച്ചുകൂടിയിരിക്കുകയാണ് ജനങ്ങൾ. ഒന്നര മുതൽ രണ്ടു കോടി പേരെ വരെയാണ് പ്രതീക്ഷിക്കുന്നത്. ഖമനെയി, മകൾ മകളുടെ ഭർത്താവ്, പേരക്കുട്ടി, മരുമകൾ എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനായി വെച്ചിരിക്കുന്നത്. സംസ്കാര ചടങ്ങുകൾക്കായി ഇറാന്‍റെ സൈനിക - രാഷ്ട്രീയ നേതൃത്വം ഒന്നാകെ സംഗമിക്കുന്നത് വലിയ സുരക്ഷാ ആശങ്കകളും ഉയർത്തുന്നുണ്ട്.
അതിനിടെ അയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഷ്ട്രങ്ങളെ തടയാൻ അമേരിക്ക സമ്മർദം ചെലുത്തിയെന്ന ആരോപണവുമായി ഇറാൻ മാധ്യമങ്ങളും രംഗത്തെത്തി. സഹായം തടയുമെന്ന് വരെ ഭീഷണിപ്പെടുത്തിയതോടെ 13 രാഷ്ട്രങ്ങൾ പിന്മാറിയെന്നാണ് ആരോപണം. മൂന്ന് കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങൾ, അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ, അറബ് - ഗൾഫ് , കിഴക്കൻ ഏഷ്യങ്ങൾ രാജ്യങ്ങൾ ഉൾപ്പടെ 13 രാഷ്ട്രങ്ങൾ ഖംനഇയുടെ സംസ്കാര ചടങ്ങുകളിൽ നിന്ന് അമേരിക്കൻ സമ്മർദം കാരണം വിട്ടു നിന്നുവെന്നാണ് ഇറാന്റെ തസ്നീം ന്യൂസ് ഏജൻസി വഴി പുറത്തുവിട്ട ആരോപണം. ചില രാഷ്ട്രങ്ങൾ ഖേദമറിയിച്ചു. നയതന്ത്ര ബന്ധത്തെയും സഹായങ്ങളെയും ബാധിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. നൂറിലധികം രാഷ്ട്ര പ്രതിനിധികൾ പൊതുദർശന ചടങ്ങിൽ പങ്കെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു. ഖത്തറിനും ഒമാനും പുറമെ സൗദിയുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും പ്രതിനിധി സംഘവും പങ്കെടുത്തു. ഇന്നുമുതൽ പൊതുജനങ്ങൾക്കായുള്ള ചടങ്ങുകൾ തുടങ്ങി.
അതിനിടെ, ഹോർമൂസിൽ മൈനുകൾ നീക്കം ചെയ്യാനിറങ്ങുമെന്നു പ്രഖ്യാപിച്ച ഫ്രാൻസ്, നേരത്തെ മേഖളയ്ക്കടുത്ത് വിന്യസിച്ച പടക്കപ്പൽ വ്യൂഹം പിൻവലിച്ചു. മൈനുകൾ നീക്കം ചെയ്യാനും യു.കെയ്ക്ക് ഒപ്പം ചേർന്ന് ഹോർമൂസ് തുറക്കാനുമുള്ള ദൗത്യത്തിനായി വിന്യസിച്ചതായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam