
വാഷിംഗ്ടൺ: ഗാസ സമാധാന പദ്ധതി വിജയത്തിലെത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഞാൻ ഇക്കാര്യത്തിൽ ഒരു പരിധി നിശ്ചയിച്ചിരുന്നു. ഹമാസ് ചില നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹമാസിനെ നിരായുധീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നുവെന്നോ എന്ന് ഓവൽ ഓഫീസിലെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. കാര്യങ്ങളെല്ലാം നല്ല രീതിയിലാണെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട നിബന്ധനകളും ഹമാസ് സമ്മതിച്ചുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകളെക്കുറിച്ച് നിഷേധാത്മകമായി പെരുമാറിയെന്ന് താൻ ആരോപിച്ചുവെന്ന റിപ്പോർട്ടും ട്രംപ് തള്ളിക്കളഞ്ഞു. നെതന്യാഹു കരാറിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കണ്ടതെന്നും ട്രംപ്.
ഗാസ സമാധാന വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷമാണ് ട്രംപിന്റെ പ്രതികരണം. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടന്ന ചർച്ച മണിക്കൂറുകൾ നീണ്ടു നിന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ച. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ചയായതെന്നാണ് സൂചന. ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചാര സംഘടനയായ മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു. ഹമാസ് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചർച്ചയ്ക്കെത്തിയത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിന് ഇന്നേക്ക് രണ്ടു വർഷം തികയുന്ന സാഹചര്യത്തിലാണ് ലോക പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മധ്യസ്ഥ ചർച്ചകൾക്ക് തുടക്കമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam