
ന്യൂയോർക്ക്: ഗൂഗിളിന്റെ തലപ്പത്ത് വമ്പൻ മാറ്റം പ്രഖ്യാപിച്ച് സി ഇ ഒ സുന്ദർ പിച്ചൈ. ജീവനക്കാർക്കുള്ള അറിയിപ്പിലൂടെയാണ് ഗൂഗിൾ തലപ്പത്തെ വമ്പൻ മാറ്റം പിച്ചൈ പ്രഖ്യാപിച്ചത്. സെർച്ച് വിഭാഗം മേധാവിയായിരുന്ന ഇന്ത്യാക്കാരനായ പ്രഭാകർ രാഘവനെ (64) ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചതടക്കമുള്ള മാറ്റങ്ങളാണ് ഗുഗിളിൽ ഉണ്ടായിരിക്കുന്നത്. പ്രഭാകറിനെ ചീഫ് ടെക്നോളജിസ്റ്റാക്കിയതിനൊപ്പം നിക്ക് ഫോക്സിനെ സെർച്ച് മേധാവിയായും നിയമിച്ചിട്ടുണ്ട്. കരിയറിൽ വലിയ കുതിപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകർ തീരുമാനിച്ചെന്നും പുതിയ റോളിൽ അദ്ദേഹം തനിക്കൊപ്പമുണ്ടാകുമെന്നുമാണ് നേതൃമാറ്റത്തെ കുറിച്ച് സുന്ദർ പിച്ചൈ ബ്ലോഗിൽ കുറിച്ചത്.
1981 ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ പ്രഭാകറിന്‍റെ പ്രൊഫഷണൽ കരിയർ ആരെയും അമ്പരപ്പിക്കുന്നതാണ്. കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് സയൻസും നേടിയ പ്രഭാകർ 1986 ൽ ഇവിടെ തന്നെ കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡിയും നേടി. യാഹൂവിൽ നിന്ന് 2012 ലാണ് പ്രഭാകർ ഗൂഗിളിലേക്ക് വന്നത്.
ഗൂഗിൾ ആപ്സ്, ഗൂഗിൾ ക്ലൗഡ്, മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റ്സ്, യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടമായിരുന്നു ആദ്യം വഹിച്ചിരുന്നത്. പിന്നീട് ജി മെയിൽ ടീമിന് നേതൃത്വം നൽകി. മുൻകാലത്തെ എ ഐ പ്രോഡക്റ്റുകളായ സ്മാർട്ട് റിപ്ലൈ, സ്മാർട്ട് കംപോസ് എന്നിവക്കും നേതൃത്വം നൽകി. ജി മെയിലും ഡ്രൈവും ബില്യൺ യൂസേഴ്സിനെയാണ് സ്വന്തമാക്കിയത്. 2018 ൽ അദ്ദേഹം ഗൂഗിൾ സെർച്ചിന്‍റെ വൈസ് പ്രസിഡന്‍റുമായി. സെർച്ച് വിഭാഗം മേധാവിയായി പ്രവർത്തിക്കവെയാണ് ഇപ്പോൾ ചീഫ് ടെക്നോളജിസ്റ്റായി എത്തുന്നത്.
പ്രഭാകറിന്‍റെ കീഴിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന നിക്ക് ഫോക്സാണ് പുതിയ സെർച്ച് മേധാവി. സെർച്ച്, പരസ്യങ്ങൾ, വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ നയിക്കുക നിക്ക് ആയിരിക്കും. 2003 ലാണ് നിക്ക് ഗൂഗിളിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam