
വാഷിംഗ്ടൺ: 8000 കിലോമീറ്ററിലേറെ ദിശമാറി നീന്തിക്കയറിയത് ശുദ്ധജലത്തിലേക്ക്. രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ചാര തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. വാഷിംഗ്ടണിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ വില്ലാപ്പ നദിയിലേക്കാണ് കഴിഞ്ഞ ദിവസം തിമിംഗലം എത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് വില്ലാപ്പ നദിയുടെ വടക്കൻ ഭാഗത്ത് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. കടലിൽ കാണപ്പെടാറുള്ള തിമിംഗലങ്ങൾ ഇത്തരത്തിൽ നദികളിലേക്ക് വരുന്നത് അപൂർവ്വമാണ്. ഇത് വഴിതെറ്റി വന്നതാണോ അതോ മറ്റ് അസുഖങ്ങൾ കാരണമാണോ എന്ന് വിദഗ്ധർ പരിശോധിച്ചു വരികയായിരുന്നു. തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയക്കാൻ വന്യജീവി ഉദ്യോഗസ്ഥരും ഗോത്രവർഗ അംഗങ്ങളും വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ചയോടെ നദിയിൽ ചത്ത നിലയിൽ തിമിംഗലത്തെ കണ്ടെത്തുകയായിരുന്നു.
തിമിംഗലം വളരെ ക്ഷീണിതനായിരുന്നുവെന്നും കൃത്യമായ മരണകാരണം അറിയാൻ വിദഗ്ധ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. നദിയിലെ ഈ ഭാഗത്ത് വെള്ളത്തിന്റെ ആഴക്കുറവും ഭക്ഷണത്തിന്റെ അഭാവവും തിമിംഗലത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. മെക്സിക്കോയിലെ ബാജ കാലിഫോർണിയയിലെ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 8,000 കിലോമീറ്റർ സഞ്ചരിച്ച് അലാസ്കയിലെ തീറ്റ തേടിയുള്ള വസന്തകാല കുടിയേറ്റത്തിന്റെ ഭാഗമായി നിരവധി ചാരത്തിമിംഗലങ്ങൾ നിലവിൽ ഈ ഉൾക്കടലിലുണ്ട്. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ചാരത്തിമിംഗലങ്ങൾ 2019 മുതൽ നേരിടുന്ന പ്രധാന പ്രശ്നം അലാസ്ക തീരത്തെ ബെറിംഗ്, ചുക്ചി കടലുകളിൽ ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞതാണെന്ന് കാസ്കാഡിയ റിസർച്ച് കളക്ടീവിലെ റിസർച്ച് ബയോളജിസ്റ്റ് ജോൺ കലാമ്പോക്കിഡിസ് ഞായറാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ചാരത്തിമിംഗലങ്ങൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ആർട്ടിക് മേഖലയിലെ അവയുടെ ഇരകളുടെ ലഭ്യതയിലുണ്ടായ കുറവാണ് ഇതിന്റെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നുവെന്നാണ് കാസ്കാഡിയ റിസർച്ച് കളക്ടീവിലെ റിസർച്ച് ബയോളജിസ്റ്റ് ജോൺ കലാമ്പോക്കിഡിസ് പ്രതികരിച്ചത്. വസന്തകാല കുടിയേറ്റം ചാരതിമിംഗലങ്ങൾക്ക് ഏറെ വെല്ലുവിളികളുള്ള കാലമാണ്. ഭക്ഷണം ലഭിക്കാതെയാണ് പലപ്പോഴും തിമിംഗലങ്ങൾക്ക് കുടിയേറ്റകാലം പിന്നിടേണ്ടി വരാറെന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. ഭക്ഷണം കിട്ടാതെ വരുമ്പോൾ പുതിയ മേഖലകളിലേക്ക് എത്താനുള്ള ചാരതിമിംഗലങ്ങളുടെ രീതിയാണ് നിലവിലെ സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam