
ടെഹ്റാൻ: ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. ഇറാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേൽ 'രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു'വെന്ന് അരാഗ്ചി പരിഹസിച്ചു. ഇസ്രയേൽ ഇനിയും പ്രകോപിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ തീരുമാനം മറന്ന് ഇറാന്‍ അതിന്റെ യഥാര്‍ഥ ശക്തി കാണിക്കാന്‍ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ 'എക്‌സി'ലൂടെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണങ്ങൾക്കും ഇറാൻ വിദേശകാര്യ മന്ത്രി മറുപടി നൽകി. ട്രംപ് വ്യാമോഹങ്ങൾ ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന ട്രംപിന്റെ പരാമർശത്തെ അപലപിച്ച് അബ്ബാസ് അരഗ്ചി, യു എസ് പ്രസിഡന്‍റിന്‍റേത് അനാദരവ് നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഭാഷയ്ക്ക് ബഹുമാനം വേണമെന്നും, ഇറാന്റെ യഥാർത്ഥ ശേഷി വെളിപ്പെടുത്താൻ മടിക്കില്ലെന്നും വ്യക്തമാക്കി. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ട്രംപ് അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയെ അങ്ങേയറ്റം നിന്ദ്യവും ദാരുണവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് താനാണെന്ന് അവകാശപ്പെട്ടാണ് നേരത്തെ ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഖമനയി ഒളിച്ചിരുന്ന സ്ഥലം തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും തന്‍റെ കാരുണ്യത്താലാണ് ഖമനയി ജീവനോടെ രക്ഷപെട്ടതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.
അതേസമയം ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയം നേടിയെന്നാണ് കഴിഞ്ഞ ദിവസം ഇറാൻ പരമോന്നത നേതാവ് അവകാശപ്പെട്ടത്. വെടിനിർത്തൽ നിലവിൽ വന്നശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ഖമനയി, യുദ്ധത്തിൽ വിജയം അവകാശപ്പെട്ടത്. ഒരു വീഡിയോ സന്ദേശത്തിലൂടെ കഴിഞ്ഞ ദിവസം ഇറാൻ ജനതയെ അഭിസംബോധന ചെയ്യവെയാണ് പരമോന്നത നേതാവ് യുദ്ധത്തിൽ വിജയിച്ചുവെന്ന് പറഞ്ഞത്. ഇസ്രയേലിനൊപ്പം അമേരിക്കയുടെയും മുഖത്തേറ്റ കനത്ത അടിയാണ് ഇറാൻ നൽകിയതെന്നും ഖമനയി അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ തകർക്കപ്പെടുമെന്ന ഘട്ടത്തിലാണ് അമേരിക്ക ഇടപെട്ടതെന്നും അവർക്കും ഒന്നും നേടാൻ കഴിഞ്ഞില്ലെന്നും വീഡിയോ സന്ദേശത്തിൽ ഖമനയി വിവരിച്ചിരുന്നു. ഇറാന്റെ ആണവ നിലയങ്ങളെ ആക്രമിച്ചതിൽ ഡോണൾഡ് ട്രംപിന്റെ അവകാശ വാദത്തെയും ഖമനയി ചോദ്യം ചെയ്തിരുന്നു. ഇറാൻ ആണവ നിലയങ്ങളിൽ കാര്യമായി നാശമുണ്ടാക്കാൻ അമേരിക്കക്ക് സാധിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്‍റെ അവകാശ വാദങ്ങൾ ഖമനയി ചോദ്യം ചെയ്തത്. ഖത്തറിലെ അമേരിക്കൻ സൈനികതാവളം ആക്രമിച്ചതിലൂടെ, ഇറാനെ ആക്രമിച്ചതിനുള്ള ശിക്ഷ നൽകാനായെന്നു ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇനിയും ആക്രമണത്തിന് മുതിർന്നാൽ വലിയ തിരിച്ചടി നൽകുമെന്നും ഖമനയി വ്യക്തമാക്കിയിട്ടുണ്ട്.